ഇംഗ്ലീഷ് പ്രീമയര്‍ ലീഗിലെ കരുത്തരായ ആഴ്‌സണലിനോടും സൂപ്പര്‍ താരം മെസ്യൂട്ട് ഓസിലിനോടുമുള്ള ആരാധന മൂത്ത് സ്വന്തം മകന് ഓസിലെന്ന് പേരിട്ട മലപ്പുറത്തുകാരന് സാക്ഷാല്‍ ഓസിലിന്‍റെ സ്‌നേഹ സന്ദേശം. മലപ്പുറം മഞ്ചേരി സ്വദേശിയായ ഇന്‍സമാമുല്‍ ഹഖിന്‍റെ ആഴ്‌സണല്‍ സ്‌നേഹം കേട്ടറിഞ്ഞ് ക്ലബ്ബ് അധികൃതര്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓസിലും തന്‍റെ അഭിനന്ദനം അറിയിച്ചത്.

മകന്‍റെ പേരിടാനുള്ള പ്രചോദനമായത് ബഹുമതിയായി കാണുന്നുവെന്നും മുഹമ്മദ് ഓസിലിനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നതായി ഓസില്‍ ട്വിറ്ററില്‍ കുറച്ചു. തന്‍റെ കുടുംബത്തെ സന്തോഷത്തിന്‍റെ ഓര്‍മ്മകളില്‍ അസിസ്റ്റ് ചെയ്യാന്‍ ഓസിലിന് കഴിയട്ടെ എന്നും താരം ട്വിറ്റില്‍ പറഞ്ഞു.

അഞ്ചാം വയസ്സിലാണ് ഇന്‍സമാം ഗണ്ണേഴ്‌സിന്‍റെ ആരാധകനാകുന്നത്. ഫുട്‌ബോള്‍ ഭ്രാന്ത് മൂത്ത ഇന്‍സമാം തനിക്ക് പിറന്ന കുഞ്ഞിന് ഒരു ആഴ്‌സണല്‍ താരത്തിന്‍റെ പേരു നല്‍കുകയായിരുന്നു. തന്‍റെ ഭാര്യ ഫിദ സനം ഗര്‍ഭിണിയായപ്പോള്‍ത്തന്നെ ഇന്‍സമാം തീരുമാനിച്ചിരുന്നു. ആണ്‍കുട്ടിയാണ് ജനിക്കുന്നതെങ്കില്‍ ഒരു ആഴ്‌സണല്‍ താരത്തിന്‍റെ പേര് നല്‍കാന്‍.

മകന് ആഴ്‌സണല്‍ പരിശീലകന്‍ ആഴ്‌സന്‍ വെങറുടെ പേര് നല്‍കാനാണ് കൂട്ടുകാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ പ്രിയ താരം മെസൂട്ട് ഓസിലിന്രെ പേര് നല്‍കാനാണ് ഇന്‍സമാം തീരുമാനിച്ചത്. 2017 ഡിസംബര്‍ 29ന് ജനിച്ച മകന് മെഹദ് ഓസില്‍ എന്ന പേരാണ് ഇന്‍സമാം നല്‍കിയത്. മഞ്ചേരിക്കാരന്‍റെ ഈ ഭ്രാന്ത് അറിഞ്ഞ ആഴ്‌സണല്‍ ക്ലബ് അധികൃതര്‍ ഇന്‍സമാമിനെത്തേടി കേരളത്തില്‍ എത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ