ക്രിക്കറ്റ് താരങ്ങളുടെ മക്കള്‍ ക്രിക്കറ്റിലേക്ക് തിരിയുന്നത് പുതിയ കാര്യമല്ല. മറ്റ് കളിക്കാരേക്കാള്‍ കൂടുതല്‍ ജനശ്രദ്ധയും താരങ്ങളുടെ മക്കള്‍ക്കാണ് ലഭിക്കാറുളളത്. സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, സ്റ്റീവ് വോയുടെ മകന്‍ ഓസ്റ്റിന്‍ വോ എന്നിവരൊക്കെ ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ടവരാണ്. അണ്ടര്‍ 19 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അര്‍ജുന്‍ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിലായിരുന്നു അര്‍ജുന്റെ അരങ്ങേറ്റം. ടെസ്റ്റ് മത്സരത്തില്‍ കളിക്കുന്ന അര്‍ജുന്‍ അച്ഛനെ പോലെ ബാറ്റ്സ്മാനല്ല, ഫാസ്റ്റ് ബൗളറായ അദ്ദേഹം രണ്ട് ഇന്നിംഗ്സിലും ഓരോ വിക്കറ്റ് മാത്രമാണ് നേടിയത്. കൂടാതെ ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്താവുകയും ചെയ്തു. എന്നാല്‍ മറ്റൊരു ക്രിക്കറ്റ് താരത്തിന്റെ മകന്‍ വാര്‍ത്തകളില്‍ നിറയുന്നത് മികച്ച പ്രകടനം കാരണമാണ്. ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം മഖായ എന്‍ടിനിയുടെ മകന്‍ താണ്ടോ എന്‍ടിനിയാണ് ഇംഗ്ലണ്ടിനെതിരായ അണ്ടര്‍ 19 മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കയുടെ ദേശീയ ടീമിന് പ്രതീക്ഷ നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ ബൗളിംഗ്.
18കാരനായ താണ്ടോ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നാല് വിക്കറ്റുകളാണ് നേടിയത്. 230 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ബെന്‍ ചാള്‍സ്വര്‍ത്തിനെ തന്റെ ആദ്യ പന്തിലാണ് താണ്ടോ പുറത്താക്കിയത്. പിന്നാലെ വന്ന ഒലിവര്‍ റോബിന്‍സണ്‍ ഇംഗ്ലണ്ടിന് ജീവന്‍ നല്‍കി. എന്നാല്‍ 54 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ താണ്ടോ ഒലിവറിനെ പുറത്താക്കി. തുടര്‍ന്ന് രണ്ട് വിക്കറ്റുകള്‍ കൂടി അദ്ദേഹം നേടി. ഇതോടെ 150 റണ്‍സിന് ഇംഗ്ലീഷ് നിര മുട്ടുമടക്കി.
8 ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റുകളാണ് താണ്ടോ നേടിയത്. ബാറ്റിംഗിലും അദ്ദേഹം മികവ് പുലര്‍ത്തുന്നുണ്ട്. എട്ടാം വിക്കറ്റില്‍ കര്‍ട്ടിസ് കാംഫറിന്റെ കൂടെ ചേര്‍ന്ന് 32 റണ്‍സ് നേടിയിട്ടുണ്ടായിരുന്നു. 12 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച സംഭാവനകള്‍ നല്‍കിയ ആളാണ് മഖായ എന്‍ടിനി. അദ്ദേഹവും വലതു കൈയന്‍ ഫാസ്റ്റ് ബൗളറായിരുന്നു.