ലണ്ടന്‍: ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കാന്‍ ഏതാനും നാള്‍ മാത്രം മുന്നിലിരിക്കെ മൂന്ന് ബാഴ്‌സലോണ താരങ്ങളില്‍ കണ്ണുംനട്ട് ഇരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മൂന്ന് ബാഴ്സ താരങ്ങളെ ഓള്‍ഡ്‌ ട്രാഡ്ഫോഡില്‍ എത്തിക്കുവാനാണ് കോച്ച് ഹോസെ മോറീഞ്ഞോയുടെ ശ്രമം.

ബാഴ്‌സലോണയുടെ ഗോള്‍ കീപ്പര്‍ ആന്ദ്രെ ടെര്‍ സ്റ്റേഗനാണ് അതില്‍ ഒന്നാമത്. ഡേവിഡ്‌ ഡെ ഗെയ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറും എന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് മാന്‍ യു പുതിയ ഗോള്‍കീപ്പറെ തേടുന്നത്. നൂറ് മില്യണ്‍ യൂറോ ചെലവിട്ടാല്‍ ടെര്‍ സ്റ്റെര്‍ഗനെ ചെമ്പടയിലേക്ക് എത്തിക്കാം എന്നാണ് മൊറീഞ്ഞോയുടെ കണക്കുകൂട്ടല്‍ എന്ന്  സ്പാനിഷ് മാസികയായ ഡോണ്‍ ബലോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുപത്തിനാലുകാരനായ സെന്‍റര്‍ ബാക്ക് സാമുവല്‍ ഉംറ്റിറ്റിയാണ് മാഞ്ചസ്റ്റര്‍ ചൂണ്ടയിടാന്‍ ആഗ്രഹിക്കുന്ന മറ്റൊരു താരം. ലിയോണില്‍ നിന്ന് ബാഴ്‌സലോണയിലേക്ക് ചേക്കേറിയതു മുതല്‍ ആദ്യ പതിനൊന്നിലെ സ്ഥിര സാന്നിദ്ധ്യമാണ് ഈ ഫ്രഞ്ച് താരം. മികച്ച ഫോമിലുണ്ടായിട്ടും ക്ലബ് കരാര്‍ പുതുക്കാന്‍ തയ്യാറായില്ല എന്നത് ഉംറ്റിറ്റിയെ ക്ലബ് മാറാന്‍ പ്രേരിപ്പിക്കുന്നുണ്ട് എന്നാണ് ഡെയ്‌ലി എക്സ്‌‌പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തത്. ബാഴ്‌സലോണയില്‍ നിന്നും റിലീസ് ആവുന്ന താരത്തെ 60 മില്യണ്‍ യൂറോ നല്‍കി വാങ്ങാം എന്ന് മൊറീഞ്ഞോ കണക്കുകൂട്ടുന്നു.

അത്‌ലറ്റിക്കോക്കെതിരായ കളിയില്‍ ഗോമസിനോടുളള ബാഴ്സ ആരാധകരുടെ പെരുമാറ്റം ടെര്‍ സ്റ്റെര്‍ഗനെ ക്ഷുഭിതനാക്കിയപ്പോള്‍

ആന്ദ്രെ ഗോമസ് എന്ന പോര്‍ച്ചുഗീസ് മധ്യനിര താരമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലക്ഷ്യം വയ്ക്കുന്ന മൂന്നാമത്തെ ബാഴ്‌സലോണ താരം. ബാഴ്‌സലോണയില്‍ ഒട്ടുംതന്നെ തിളങ്ങാനാകാതിരുന്ന ഇരുപത്തിനാലുകാരനെ മാഞ്ചസ്റ്റര്‍ സ്വന്തമാക്കുന്നത് എന്തിനാണ് എന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം അത്‌ലറ്റികോ മാഡ്രിഡിനെതിരായ കളിയില്‍ ബാഴ്സ ആരാധകര്‍ തന്നെ ഗോമസിനെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഫോമിലില്ലാത്ത ഗോമസിനെ വിട്ടൊഴിയാന്‍ തന്നെയാകും സ്‌പാനിഷ് ക്ലബും നോക്കുക.

സാമുവല്‍ ഉമിറ്റിറ്റിയുടേയും ആന്ദ്രേ ഗോമസിന്‍റെയും കാര്യത്തില്‍ ബാഴ്സലോണയുമായി എത്രയും പെട്ടെന്ന് ധാരണയിലെത്താനാകും ഇംഗ്ലീഷ് ക്ലബ് മാനേജരുടെയും ലക്ഷ്യം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ