മെൽബൺ: സീസണിലെ ആദ്യ ഗ്രാൻപ്രിയിൽ ഫെറാരിയുടെ സെബാസ്റ്റ്യൻ വെറ്റലിന് കിരീടം. വാശിയേറിയ പോരാട്ടത്തിൽ മേഴ്സിഡസിന്രെ ലൂയിസ് ഹാമിൽട്ടണെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സെബാസ്റ്റ്യൻ വെറ്റൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. മേഴ്സിഡസിന്റെ തന്നെ വാൽറ്റേറി ബൊട്ടാസിനാണ് മൂന്നാം സ്ഥാനം. 2015 ലെ സിംഗപ്പൂർ ഗ്രാൻപ്രിക്ക് ശേഷം ഇതാദ്യമായാണ് ഫെറാരിയും, വെറ്റലും ഫോർമുലവൺ റേസിൽ ഒന്നാം സ്ഥാനം നേടുന്നത്.
ഓസ്ട്രേലിയൻ ഗ്രാൻപ്രിയിൽ മേഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടണായിരുന്നു പോൾ പൊസിഷനിൽ. എന്നാൽ റേസിന്റെ രണ്ടാം ലാപ്പിൽത്തന്നെ ലൂയിസ് ഹാമിൽട്ടണെ പിന്തള്ളി സെബാസ്റ്റ്യൻ വെറ്റൽ ഒന്നാം സ്ഥാനത്തേക്ക് എത്തി.പിന്നീട് വെറ്റൽ തിരിഞ്ഞു നോക്കിയില്ല, ഒന്നാം സ്ഥാനത്ത് നിന്ന് റേസ് നിയന്ത്രിച്ച വെറ്റൽ ഒരു മണിക്കൂർ 24 മിനിറ്റ് 11 സെക്കൻഡ് എന്ന സമയത്തിനാണ് ചെക്കർ ഫ്ലാഗ് കടന്നത്. ഫെറാരിയുടെ മറ്റൊരു ഡ്രൈവറായ കിമി റെക്കോണന് നാലാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുളളൂ.
ഫോർമുല വണ്ണിലെ ഇന്ത്യൻ പ്രതിനിധികളായ ഫോഴ്സ് ഇന്ത്യക്ക് ഏഴാം സ്ഥാനമാണ് ലഭിച്ചത്. സെർജിയോ പെരെസാണ് ഫോഴ്സ് ഇന്ത്യക്ക് ഏഴാം സമ്മാനിച്ചത്. സീസണിലെ അടുത്ത റേസ് ഏപ്രിൽ 9 ന് ചൈനയിൽ നടക്കും.