ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കഴിഞ്ഞ​ ദിവസം പിറന്നത് അമ്മമാരുടെ ദിനമായിരുന്നു. മൂന്ന് അമ്മമാരാണ് ഒരൊറ്റ ദിവസം ലോകത്തിനു മുന്നില്‍ പൊന്നണിഞ്ഞത്. ഷെല്ലി ആന്‍ ഫ്രേസര്‍, അല്ലിസണ്‍ ഫെലിക്സ്, ലിയു ഹോങ് എന്നിവരായിരുന്നു കാണികളെ വിസ്മയിപ്പിച്ച ആ അമ്മമാര്‍.

ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലെ വേഗറാണിയാണ് ജമൈക്കയുടെ ഷെല്ലി ആന്‍ഫ്രേസര്‍. 100 മീറ്റര്‍ ഓട്ടത്തില്‍ 10.71 സെക്കന്‍ഡുകൊണ്ട് ലക്ഷ്യം താണ്ടിയാണ് ഷെല്ലി ജേത്രിയായത്. സെമി ഫൈനലില്‍ 10.81 സെക്കന്‍ഡും ആദ്യ റൗണ്ടില്‍ 10.80 സെക്കന്‍ഡുമായിരുന്നു 32 കാരിയായഷെല്ലി ആന്‍ഫ്രേസര്‍ കുറിച്ച സമയം. എട്ടാം ലോക കിരീടമാണ് ആന്‍ഫ്രേസര്‍ നേടുന്നത്. ഇതോടെ നൂറ് മീറ്ററില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ മെഡല്‍ നേടുന്ന വനിതാ താരമെന്ന ബഹുമതി ആന്‍ഫ്രേസര്‍ സ്വന്തമാക്കി.

ഷെല്ലി സ്വര്‍ണമണിയുമ്പോള്‍ രണ്ടുവയസ്സുകാരനായ മകന്‍ സ്യോണ്‍ കാണികളിലൊരാളായുണ്ടായിരുന്നു. അതിവേഗം വിജയത്തിലേക്ക് ഓടിക്കയറിയ ഷെല്ലി ട്രാക്കില്‍ വെച്ചുതന്നെ സ്യോണിനെ വാരിപ്പുണര്‍ന്നു.ഇതു മാതൃത്വത്തിന്റെ വിജയമെന്നായിരുന്നു ഫ്രേസറുടെ ആദ്യ പ്രതികരണം. ‘മമ്മി റോക്കറ്റ്’ എന്നാണിപ്പോള്‍ ഫ്രേസറുടെ വിളിപ്പേര് തന്നെ.

Also Read: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: ഷെല്ലി ആന്‍ഫ്രേസര്‍ വേഗതയേറിയ വനിതാ താരം

ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് മറികടന്നാണ് അമേരിക്കന്‍ വനിത താരം അലിസണ്‍ ഫെലിക്‌സ് താരമാകുന്നത്. ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 12-ാം സ്വര്‍ണം സ്വന്തമാക്കിയ അലിസണ്‍ ഏറ്റവും കൂടുതല്‍ തവണ ലോക മീറ്റില്‍ സ്വര്‍ണമണിയുന്ന താരമായി മാറി. അമ്മയായ ശേഷമുള്ള അലിസണിന്റെ ആദ്യ സുവര്‍ണ നേട്ടമാണിത്. 4ത400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ അലിസണ്‍ ഉള്‍പ്പെട്ട ടീം സ്വര്‍ണം സ്വന്തമാക്കി. ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിന്റെ അക്കൗണ്ടിലുള്ളത് 11 സ്വര്‍ണ മെഡലുകളാണ്.

2005ലാണ് ലോക മീറ്റില്‍ അലിസണ്‍ ഫെലിക്‌സ് ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. ഇതിനു മുമ്പ് 200 മീറ്ററില്‍ മൂന്നു തവണയും 400 മീറ്ററില്‍ ഒരു തവണയും 4ത100 മീറ്റര്‍ വനിത റിലേയില്‍ മൂന്നു തവണയും 4ത400 മീറ്റര്‍ നാലു തവണയും സ്വര്‍ണം സ്വന്തമാക്കിയിട്ടുണ്ട്. ഈ പട്ടികയിലേക്കാണ് ഏറ്റവും ഒടുവില്‍ നേടിയ 4ത400 മീറ്റര്‍ മിക്‌സഡ് റിലേ സ്വര്‍ണവും ഇടംപിടിച്ചത്. മൂന്ന് മിനിറ്റ് 9.34 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്ക ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

Also Read: ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് തിരുത്തി അമേരിക്കയുടെ വനിത താരം അലിസൺ ഫെലിക്സ്

2016ലെ റിയോ ഒളിമ്പിക്സിനു ശേഷമാണ് ചൈനയുടെ ലിയു ഹോങ് കളം വിട്ടത്. അടുത്തവര്‍ഷം മകനു ജന്മം നല്‍കി. പിന്നാലെ മൂന്നുവര്‍ഷത്തെ ഇടവേള. അവിടെനിന്ന് ദോഹയിലെ കൊടുംചൂടിലേക്ക്. ഇവിടെ നേടിയത് മൂന്നാം ലോകകിരീടം. രണ്ടുവയസ്സുകാരന്‍ മകന്‍ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ വീട്ടിലിരുന്നാണ് അമ്മയുടെ പ്രകടനം കണ്ടത്. ലിയുവിന് അഭിമാനിക്കാന്‍ മറ്റൊരു വക കൂടിയുണ്ട്. 20 കിലോമീറ്റര്‍ നടത്തത്തില്‍ മൂന്ന് മെഡലും നേടിയത് ചൈന തന്നെയാണ്. അത് റെക്കോഡാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook