സംഭവബഹുലമായിരുന്നു ഐപിഎല്‍ പതിനൊന്നാം പതിപ്പിന്റെ ആദ്യ ആഴ്‌ച. വെടിക്കെട്ട് ബാറ്റിങ് മുതല്‍ ലാസ്റ്റ് ബോള്‍ ത്രില്ലറുകള്‍ വരെ കാണികള്‍ക്ക് ആവേശം പകര്‍ന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ ചെന്നൈ സൂപ്പര്‍ കിങ്സും തങ്ങളുടെ ആരാധകര്‍ക്ക് സമ്മാനിച്ചത് സ്വപ്‌ന തുല്യമായ തിരിച്ചു വരവാണ്. കളിച്ച രണ്ട് കളിയും അവസാന നിമിഷമായിരുന്നു ചെന്നൈ ജയിച്ചത്.

ഉദ്ഘാടന മൽസരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിട്ട ചെന്നൈ കൈ വിട്ട കളി ബ്രാവോയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലായിരുന്നു ജയിച്ചത്. കളി അവസാനിക്കാന്‍ ഒരു പന്ത് ബാക്കി നില്‍ക്കെയായിരുന്നു ചെന്നൈയുടെ വിജയം. രണ്ടാം അങ്കത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്തതും സമാനമായ രീതിയിലായിരുന്നു.

രണ്ട് കളിയിലേയും രസകരമായ മറ്റൊരു സാമ്യത ചൂണ്ടിക്കാണിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. രണ്ട് കളികളും ജയിക്കാന്‍ അവസാന നാല് ഓവറുകളില്‍ ചെന്നൈയ്ക്ക് വേണ്ടിയിരുന്നത് 51 റണ്‍സായിരുന്നു. അവസാന രണ്ട് ഓവറില്‍ വേണ്ടിയിരുന്നത് 27 റണ്‍സും. രണ്ടും ജയിച്ചതാകട്ടെ ഒരു പന്ത് ബാക്കി നില്‍ക്കെയും. ട്വിറ്ററിലൂടെയാണ് രസകരമായ ഈ യാദൃശ്ചികത ആകാശ് ആരാധകരുമായി പങ്കുവച്ചത്.

ആവേശമൊക്കെയായിരുന്നുവെങ്കിലും ഇനിയും ഇതുപോലെ ഞങ്ങള്‍ക്ക് ഹൃദയാഘാതം തരരുതെന്നാണ് ചെന്നൈ ആരാധകര്‍ പറയുന്നത്. അതേസമയം, ഐപിഎല്‍ തുടക്കത്തില്‍ തന്നെ ഇത്ര ആവേശകരമായി മാറിയത് ആരാധകര്‍ക്കും ഏറെ സന്തോഷം പകരുന്നുണ്ട്. ഇനി വരാനിരിക്കുന്ന കളികളില്‍ എന്താണ് തങ്ങളെ കാത്തിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ഓരോ ആരാധകനും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ