അഹമ്മദാബാദിലെ നവീകരിച്ച മോട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തെ നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തു. ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് മുന്നോടിയായി പ്രസിഡന്റ് രാം നാഥ് കോവിന്ദാണ് നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. ഒരു ലക്ഷത്തിലധികം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് സ്റ്റേഡിയം. എന്നാൽ കോവിഡ് -19 പ്രോട്ടോക്കോൾ അനുസരിച്ച് 55,000 പേരെ മാത്രമേ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിൽ കാണികളായി മാത്രമേ അനുവദിക്കൂ.

പുതുതായി നിർമ്മിച്ച മോട്ടേര സ്റ്റേഡിയം ഏറ്റവും വലുത് മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നാണെന്ന് കേന്ദ്ര യുവജനകാര്യ കായിക മന്ത്രി കിരൺ റിജ്ജു പറഞ്ഞു. ടെസ്റ്റ് മത്സരത്തിന് ഒരു ദിവസം മുമ്പ് റിജ്ജുവും ബിസിസിഐ സെക്രട്ടറി ജയ് ഷായും സ്റ്റേഡിയം സന്ദർശിച്ചിരുന്നു.

Read More: ഗുജറാത്തിൽ വൻ നേട്ടമുണ്ടാക്കി ബിജെപി; ആറ് കോർപ്പറേഷനുകളിലും ഭരണം നിലനിർത്തി

63 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ സ്റ്റേഡിയം 800 കോടി രൂപ ചെലവിൽ നിർമ്മിച്ചതാണ്. 1,32,000 കാണികൾക്ക് ഇരിക്കാനുള്ള ശേഷിയുണ്ട്. 90,000 പേർക്ക് ഇരിക്കാവുന്ന മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനെയാണ് വലിപ്പത്തിന്റെ കാര്യത്തിൽ മൊട്ടേര സ്റ്റേഡിയം മറികടന്നത്.

സ്റ്റേഡിയത്തിന്റെ “മൊത്തം വിസ്തീർണ്ണം 32 ഒളിമ്പിക് വലുപ്പമുള്ള സോക്കർ ഫീൽഡുകൾക്ക് തുല്യമാണ്,” പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ നിന്നുള്ള ഒരു വാർത്താക്കുറിപ്പിൽ പറയുന്നു. 2015 ൽ നവീകരണത്തിനായി അടച്ച സ്റ്റേഡിയമാണ് ഇപ്പോൾ വീണ്ടും തുറന്നത്. ആദ്യ സ്റ്റേഡിയം ഇന്ത്യൻ ക്രിക്കറ്റിലെ ചില പ്രധാന നാഴികക്കല്ലുകൾക്ക് സാക്ഷിയായിരുന്നു.

Read More: സമഗ്രമായ മാറ്റമാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യം; തൃണമൂലിന്റേത് വോട്ട് ബാങ്കിനെ സംരക്ഷിക്കുന്ന സമാധാന രാഷ്ട്രീയമെന്ന് മോദി

1987 ൽ പാക്കിസ്ഥാനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ സുനിൽ ഗവാസ്‌കർ 10,000 റൺസ് നേടിയത് മൊട്ടേര സ്റ്റേഡിയത്തിൽ നിന്നാണ്. 1994 ൽ കപിൽ ദേവ് തന്റെ 432-ാമത്തെ ടെസ്റ്റ് വിക്കറ്റ് നേടി സർ റിച്ചാർഡ് ഹാഡ്‌ലിയെ മറികടന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കളിക്കാരനായതും ഇവിടെ വച്ചാണ്.

മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയം രൂപകൽപന ചെയ്ത ഓസ്‌ട്രേലിയൻ ആർക്കിടെക്ചറൽ കമ്പനിയായ പോപ്പുലസ് ആണ് പുതിയ സ്റ്റേഡിയത്തിന്റെ രൂപകൽപന നിർവഹിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook