ഐപിഎല്‍ കഴിഞ്ഞിട്ട് നാളുകളായി. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഓര്‍മ്മ വരുന്നത് ആരുടെയൊക്കെ പേരുകളായിരിക്കും എന്നു ചോദിച്ചാല്‍ അതിനുത്തരം ധോണിയെന്നോ വിരാടെന്നോ ഡിവില്ലിയേഴ്‌സ് എന്നോ ആയിരിക്കും. പക്ഷെ യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരം അവരായിരുന്നുവോ. അല്ലെന്നാണ് ഹന്‍സ റിസര്‍ച്ച് ഗ്രൂപ്പിന്റെ പഠനം പറയുന്നത്.

ഇവര്‍ നടത്തിയ പഠനം പ്രകാരം ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്.ധോണിയേക്കാള്‍ ഒരുപാട് മുകളിലാണ് ഓപ്പണര്‍ അമ്പാട്ടി റായിഡുവിന്റെ സ്ഥാനം എന്നതാണ് വാസ്തവം. പഠനത്തിലെ കണക്ക് പ്രകാരം 2.2 കോടി രൂപയ്ക്ക് ചെന്നൈയിലെത്തിച്ച റായിഡു 2,734 പോയിന്റാണ് നേടിയത്. അതേസമയം, 15 കോടി കൊടുത്ത് നിലനിര്‍ത്തിയ ധോണി നേടിയത് 2,450 പോയന്റാണ്.

17 കോടിയ്ക്ക് നിലനിര്‍ത്തിയ വിരാട് ബെംഗളൂരുവിനായി നേടിയതാകട്ടെ 2,225 പോയിന്റുമാണ്. താരങ്ങള്‍ക്ക് വേണ്ടി മുടക്കിയ തുകയും ഇവര്‍ ടീമിന് വേണ്ടി പുറത്തെടുത്ത പ്രകടനവും കണക്കിലെടുത്താണ് പോയിന്റ് നിർണയിക്കുന്നത്. തങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലനത്തിനൊത്ത പ്രകടനം കാഴ്‌ച വയ്‌ക്കാതെ പോയതാണ് വിരാടിനും ധോണിയ്ക്കും വിനയായത്.

പട്ടിക പ്രകാരം കുറഞ്ഞ തുകയ്ക്ക് ടീമിലെത്തിയവര്‍ മുന്നിലും വന്‍ തുകയ്ക്ക് ടീമിലെത്തിയവര്‍ പിന്നിലുമാണ്. റായിഡുവിന്റെ സ്ഥാനം 16-ാംമതും ധോണിയുടെ സ്ഥാനം 113-ാം സ്ഥാനത്തുമാണ്. വിരാട് 121-ാം സ്ഥാനത്താണുള്ളത്. ധോണിയുടെ ഒരു പോയിന്റിന് ചെന്നൈ ചെലവിട്ടത് 61224 രൂപയും വിരാടിനായി ബെംഗളൂരു ചെലവാക്കിയത് 76404 രൂപയുമാണ്.

ഡല്‍ഹിയുടെ ഹര്‍ഷല്‍ പട്ടേലാണ് പട്ടികയില്‍ ഒന്നാമത്. താരത്തിന്റെ ഓരോ പോയിന്റിനുമായി 860 പോയിന്റ് മാത്രമാണ് ചെലവിട്ടത്. നാല് കോടിയ്ക്ക് ചെന്നൈയിലെത്തിയ വാട്‌സണ്‍ 3330 പോയിന്റാണ് നേടിയത്. കൊല്‍ക്കത്തയ്ക്കായി നരേന്‍ 4244 പോയിന്റും ബെംഗളൂരുവിനായി ഡിവില്ലിയേഴ്‌സ് 2595 പോയിന്റും നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ