സ്വന്തം പേരിൽ പുതിയൊരു റെക്കോഡ് കൂടി എഴുതി ചേർത്ത് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ടെസ്റ്റിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്‌മാനെന്ന റെക്കോർഡാണ് പൂജാര സ്വന്തം പേരിലാക്കിയത്. ഇതോടെ എട്ട് വർഷം പഴക്കമുളള ഗൗതം ഗംഭീറിന്റെ റെക്കോർഡാണ് പൂജാര തകർത്തത്.

2008-09 സീസണിൽ 1269 റൺസായിരുന്നു ഗംഭീർ അടിച്ചെടുത്തത്. ഈ റെക്കോർഡാണ് ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ പൂജാര മറികടന്നത്. 65.8 ശരാശരിയിൽ 1316 റൺസാണ് പൂജാരയുടെ ഇപ്പോഴത്തെ സമ്പാദ്യം. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ 57 റൺസെടുത്ത പൂജാര 15-ാം അർദ്ധ സെഞ്ചുറിയും നേടിയാണ് പുറത്തായത്. നഥാൻ ലിയോണാണ് പൂജാരയുടെ വിക്കറ്റ് സ്വന്തമാക്കിയത്.

ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്‌മാനെന്ന റെക്കോർഡ് ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിങ്ങിന്റെ പേരിലാണ്. 1438 റൺസാണ് ഓസ്ട്രേലിയൻ ക്യാപ്റ്റന്റെ സമ്പാദ്യം. ഇത് മറികടക്കാൻ പൂജാരയ്‌ക്ക് 168 റൺസ് കൂടി വേണം.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ട് അർധ സെഞ്ചുറിയും ഒരു ഡബ്ബിൾ സെഞ്ചുറിയും പൂജാര സ്വന്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ