ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് റിക്കി പോണ്ടിങ്. രണ്ട് ലോകകപ്പ് കിരീടങ്ങളാണ് പോണ്ടിങ് ഓസ്ട്രേലിയക്ക് നേടികൊടുത്തത്. അജയനായ നായകനെന്ന വിശേഷണവും പോണ്ടിങ്ങിനുണ്ട്. എന്നാൽ, ക്യാപ്റ്റനായിരിക്കെ തന്നെ ഏറെ വേദനിപ്പിച്ച സംഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് പോണ്ടിങ്. ഇന്ത്യൻ ക്രിക്കറ്റ് ടീം കൂടി ഉൾപ്പെട്ട വിഷയമാണ് പോണ്ടിങ്ങിനെ ഏറെ വേദനിപ്പിച്ചത്.
ഇന്ത്യൻ താരങ്ങൾ ഉൾപ്പെട്ട ‘മങ്കിഗേറ്റ്’ വിവാദമാണ് തന്റെ ക്യാപ്റ്റൻസി കാലഘട്ടത്തിലെ ഏറ്റവും കയ്പേറിയ അനുഭവമെന്ന് പോണ്ടിങ് പറയുന്നു. ക്യാപ്റ്റനെന്ന നിലയിൽ തന്നെ നിയന്ത്രിക്കാൻ സാധിക്കാതെ പോയ നിമിഷമായിരുന്നു അതെന്നും പോണ്ടിങ് പറഞ്ഞു. ‘സ്കെെസ്പോർട്സി’നു നൽകിയ അഭിമുഖത്തിലാണ് ഓസീസ് ഇതിഹാസത്തിന്റെ തുറന്നു പറച്ചിൽ.
Read Also: ‘മാസ്റ്റര്‍’ ചിത്രത്തിനായി വിജയ് വാങ്ങിയത് 80 കോടിയോ ?
“2008 ലെ ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരയ്ക്കിടെ സംഭവിച്ച ‘മങ്കിഗേറ്റ്’ വിവാദം ക്യാപ്റ്റൻ എന്ന നിലയിൽ എന്നെ ഏറെ അസ്വസ്ഥനാക്കി. എന്റെ ക്യാപ്റ്റൻസി കാലഘട്ടത്തിലെ ഏറ്റവും മോശം സമയമാണത്. ക്യാപ്റ്റനെന്ന നിലയിൽ സർവ നിയന്ത്രണവും നഷ്ടപ്പെട്ടു. 2005 ലെ ആഷസ് പരമ്പരയിൽ തോറ്റപ്പോൾ പോലും ടീമിന്റെ നിയന്ത്രണം എന്റെ കയ്യിലുണ്ടായിരുന്നു. എന്നാൽ, മങ്കിഗേറ്റ് വിവാദത്തിൽ അതു നഷ്ടപ്പെട്ടു. ഏറ്റവും മോശം സമയമായിരുന്നു അത്. മങ്കിഗേറ്റ് വിവാദത്തോടെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധത്തിലും ഉലച്ചിലുണ്ടായി. അതിനുശേഷമുള്ള ടെസ്റ്റ് മത്സരം ഇന്ത്യയോട് തോറ്റതോടെ കൂടുതൽ പ്രതിസന്ധിയിലായി.” പോണ്ടിങ് പറഞ്ഞു.
2008 ൽ സിഡ്നിയിൽ നടന്ന ന്യൂ ഇയര്‍ ടെസ്റ്റിനിടെയായിരുന്നു വിവാദ സംഭവം ഉണ്ടായത്. മത്സരത്തിനിടെ ഹര്ഭജന് തന്നെ ‘കുരങ്ങന്’ എന്നു വിളിച്ചു വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണവുമായി ആൻഡ്രൂ സൈമണ്ട്സ് രംഗത്തെത്തുകയായിരുന്നു. പിന്നാലെ വിവാദത്തിന് ചൂടുപിടിച്ചു. ഇരു ക്രിക്കറ്റ് ബോര്‍ഡുകളും വിഷയത്തില്‍ ഇടപെട്ടു. ആരോപണം ഹര്ഭജന് നിഷേധിച്ചെങ്കിലും ആന്‍ഡ്രു സൈമണ്ട്സ്, ഹര്ഭജന് തന്നെ മൂന്നു തവണ കുരങ്ങനെന്നു വിളിച്ചെന്ന വാദത്തില്‍ ഉറച്ചുനിന്നു. പിന്നീട് ഹർഭജനെ മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കി. ഇതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു.