കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തെയും വമ്പന്മാരായ മോഹൻ ബഗാൻ ഐഎസ്എല്ലിലേക്ക്. രണ്ട് തവണ ഇന്ത്യൻ സൂപ്പർ ലീഗ് ചാംപ്യന്മാരായ എടികെയുമായ ലയിച്ച് പുതിയ ക്ലബ്ബായിട്ടായിരിക്കും ഐഎസ്എല്ലിലേക്കുള്ള മോഹൻ ബഗാന്റെ കടന്നു വരവ്. ആരാധകർ ഏറെ കാത്തിരുന്ന പ്രഖ്യാപനം വ്യാഴാഴ്ചയാണ് രണ്ട് ടീമിന്റെയും ഒഫീഷ്യൽസ് ചേർന്ന് നടത്തിയത്.
ലയനത്തിന് കീഴിൽ ആർപി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് (ആർപിഎസ്ജി) മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി. എടികെയുടെയും മോഹൻ ബഗാന്റെയും ബ്രാൻഡ് നാമങ്ങൾ ചേർത്താകും പുതിയ ക്ലബ്ബിന് പേരിടുക. ക്ലബ്ബിന്റെ 80 ശതമാനം ഓഹരിയും ആർപി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് സ്വന്തമാക്കി. അവശേഷിക്കുന്ന 20 ശതമാനത്തിൽ മാത്രമാണ് മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന് അവകാശമുള്ളത്.
Also Read: ധോണി യുഗം അവസാനിച്ചോ? ബിസിസിഐ വാർഷിക കരാറിൽനിന്നു താരത്തെ ഒഴിവാക്കി
ലയിപ്പിച്ച ക്ലബ് 2020 ജൂൺ 1 മുതൽ നിലവിൽ വരും, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കലണ്ടറിലെ മറ്റ് പ്രധാന മത്സരങ്ങളോടൊപ്പം 2020-21 ലെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലും ക്ലബ്ബ് മത്സരിക്കും. അതേസമയം മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ് അംഗങ്ങൾക്ക് എല്ലാ ഹോം മത്സരങ്ങളിലും ലഭിക്കുന്ന ടിക്കറ്റിലെ കിഴിവ് തുടരുമെന്നും അധികൃതർ അറിയിച്ചു.
ലയനത്തിന് ശേഷവും ക്ലബ്ബിന്റെ ചിഹ്നത്തിലും മറ്റ് കാര്യങ്ങളിലും മാറ്റമില്ലെന്ന് മോഹൻ ബഗാൻ വ്യക്തമാക്കി. “പേര് ഒന്നുകിൽ മോഹൻ ബഗാൻ എടികെ അല്ലെങ്കിൽ എടികെ മോഹൻ ബഗാൻ എന്നായിരിക്കും. മോഹൻ ബഗാൻ പേര് ഉണ്ടാകും. ജേഴ്സിയിൽ പച്ച, മെറൂൺ നിറങ്ങൾ ഉണ്ടാകും കൂടാതെ ലോഗോയിലും മാറ്റമുണ്ടാകില്ല. എല്ലാം ഒന്നുതന്നെയായിരിക്കും, ഞങ്ങൾ നാവികരായി തുടരും,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മോഹൻ ബഗാൻ ഒഫീഷ്യൽ പറഞ്ഞു.
Also Read: ഐ-ലീഗ്: ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ച് ഗോകുലത്തിന്റെ തിരിച്ചുവരവ്
1889ൽ സ്ഥാപിതമായ മോഹൻ ബഗാൻ ഇന്ത്യയിലെ ഏറെ ആരാധക പിന്തുണയുള്ള ക്ലബ്ബുകളിലൊന്നാണ്. 130 വർഷത്തിന്റെ പാരമ്പര്യത്തിൽ നൂറിലധികം കിരീടങ്ങൾ സ്വന്തമാക്കിയ ക്ലബ്ബ് നിലവിൽ ഐ-ലീഗിലാണ് കളിക്കുന്നത്. രാജ്യത്തെ സമ്പന്നമായ ഫുട്‌ബോൾ പാരമ്പര്യത്തിന്റെ പര്യായമാണ് മോഹൻ ബഗാൻ. എടികെയാകട്ടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പൂർത്തിയായ അഞ്ച് പതിപ്പുകളിൽ രണ്ടിലും കിരീടം സ്വന്തമാക്കിയ ക്ലബ്ബും.