രാജകീയ വിടവാങ്ങലുമായി മോഹന്‍ ബഗാന്‍ ചരിത്രത്തിലേക്ക്. നാല് മത്സരങ്ങള്‍ അവശേഷിക്കേ 39 പോയിന്റുകളുമായി കൊല്‍ക്കത്തയുടെ ഫുട്‌ബോള്‍ രാജാക്കന്‍മാരായ മോഹന്‍ ബഗാന്‍ ഐ ലീഗ് കിരീടം ഉറപ്പിച്ചു. ഈ സീസണുശേഷം ബഗാന്‍ ഐ എസ് എല്‍ ടീമായ എടികെയുമായി ലയിക്കും. കഴിഞ്ഞ ഐ എസ് എല്‍ സീസണില്‍ എടികെ അഞ്ചാം സ്ഥാനത്തായിരുന്നു.

ഐസ്വാള്‍ എഫ് സിടെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് 16 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബഗാന്‍ കപ്പുറപ്പിച്ചത്. ഏറ്റവും വേഗത്തില്‍ കപ്പുറപ്പിച്ചുവെന്ന ഡെമ്പോയുടെ റെക്കോര്‍ഡിനൊപ്പം ബഗാന്‍ എത്തി. 2009-10-ലാണ് ഡെമ്പോ ഈ റെക്കോര്‍ഡ് കരസ്ഥമാക്കിയത്.

ബഗാന്റെ രണ്ടാം ഐലീഗ് കിരീടമാണിത്. 2014-15-ല്‍ ആദ്യ കിരീടം നേടിയ ബഗാന്‍ ഈ ലീഗില്‍ 35 ഗോളുകള്‍ നേടിയിട്ടുണ്ട്.

ലീഗില്‍ 16 മത്സരങ്ങളില്‍ നിന്നും 23 പോയിന്റുകളുള്ള ഈസ്റ്റ് ബംഗാളും പഞ്ചാബ് എഫ് സിയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. 15 മത്സരങ്ങളില്‍നിന്നുള്ള റിയല്‍ കശ്മീര്‍ 22 പോയിന്റോടെ നാലാം സ്ഥാനത്തുമുണ്ട്. അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് മുഴുവന്‍ പോയിന്റുകളും സ്വന്തമാക്കിയാലും ഈ ടീമുകള്‍ക്ക് ബഗാനെ മറികടക്കാന്‍ സാധിക്കുകയില്ല.

ഐസ്വാളിനെതിരെ ദിയവാരയാണ് 80-ാം മിനിട്ടില്‍ ഗോളടിച്ചത്. ദിയയുടെ പത്താം ഗോളാണിത്. തുടര്‍ച്ചയായി എട്ടാം വിജയം കുറിച്ച ബഗാന്‍ ലീഗില്‍ തുടര്‍ച്ചയായി 13 കളികളില്‍ തോല്‍വിയറിഞ്ഞിട്ടില്ല. 12 കളികള്‍ വിജയിച്ച ബഗാന്‍ മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ കുടുങ്ങി. ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെ മാത്രമാണ് തോറ്റത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook