ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് ചരിത്രവിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് മുഹമ്മദ് സിറാജ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ അടക്കം നിരവധിപേർ സിറാജിനെ പ്രശംസിച്ചിരുന്നു. ഒരു ബൗളർ എന്ന നിലയിൽ തന്റെ ബൗളിങ് മികച്ചതാക്കണമെന്നും തെറ്റുകൾ തിരുത്തപ്പെടണമെന്നും അതിയായി ആഗ്രഹിക്കുന്ന താരമാണ് സിറാജെന്ന് ഇന്ത്യയുടെ ബൗളിങ് കോച്ച് ഭാരത് അരുൺ.

ബൗളിങ് കൂടുതൽ മെച്ചപ്പെടുത്തണമെന്ന് അതിയായ ആഗ്രഹമുള്ള താരമാണ് സിറാജ്. ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നെറ്റ് ബൗളർ ആയിരുന്ന സമയത്ത് തന്നെ തനിക്ക് സിറാജിന്റെ കഴിവിനെ കുറിച്ച് അറിയാമായിരുന്നു എന്നും ഭാരത് അരുൺ പറഞ്ഞു. അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിൽ മൂന്ന് കളികളിൽ നിന്ന് 13 വിക്കറ്റാണ് സിറാജ് ഓസ്ട്രേലിയയിൽ നേടിയത്.

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തിയാണ് സിറാജ് വളർന്നുവന്നത്. 2015 ൽ ഹൈദരബാദിനു വേണ്ടിയാണ് സിറാജ് ആദ്യമായി കളത്തിലിറങ്ങുന്നത്. 2016-17 കാലഘട്ടത്തിലാണ് ആഭ്യന്തര ക്രിക്കറ്റിൽ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഭാരത് അരുൺ ആയിരുന്നു അക്കാലത്ത് ഹൈദരബാദ് ബൗളിങ് പരിശീലകൻ.

Read Also: ഒന്നും മാറുന്നില്ല, വിരാട് തന്നെയായിരിക്കും ടെസ്റ്റ് ക്യാപ്‌റ്റൻ; രഹാനെ

ഇന്ത്യയ്‌ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ എന്ന് അരങ്ങേറാൻ സാധിക്കുമെന്ന് സിറാജ് പലപ്പോഴും തന്നെ വിളിച്ച് ചോദിക്കാറുണ്ടെന്ന് അരുൺ പറയുന്നു. ബൗളിങ് കൂടുതൽ മെച്ചപ്പെടുത്തണമെന്ന ആഗ്രഹം ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന കാലംതൊട്ടേ സിറാജിനുണ്ടായിരുന്നു. കൂടുതൽ നന്നായി കളിക്കണമെന്ന ആഗ്രഹവും ലക്ഷ്യബോധവും ഉള്ള താരമാണ് സിറാജ് എന്നും അരുൺ പറഞ്ഞു.

“ഞാൻ ആർസിബി പരിശീലകൻ ആയിരുന്ന സമയത്ത് സിറാജ് നെറ്റ് ബൗളർ ആയിരുന്നു. സിറാജ് നല്ലൊരു ബൗളർ ആണെന്ന് നെറ്റ്‌സിൽ പരിശീലനം നടക്കുമ്പോൾ ഞാൻ വിവിഎസ് ലക്ഷ്‌മണിനോട് പറഞ്ഞിട്ടുണ്ട്. പിന്നെ കുറേകാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ബൗളിങ് മെച്ചപ്പെട്ടിരുന്നു. പലപ്പോഴും സിറാജിന് നിർദേശങ്ങൾ നൽകിയിരുന്നു. അതെല്ലാം സിറാജ് പാലിക്കാറുണ്ട്. എന്നാൽ, ചില സമയത്ത് അത് അങ്ങനെയല്ല. ചിലപ്പോൾ എല്ലാ പ്ലാനുകളും അദ്ദേഹം ലംഘിക്കും. അങ്ങനെ വരുമ്പോൾ ഞാൻ സിറാജിനെ വഴക്ക് പറയും. സിറാജിന് ദേഷ്യം തോന്നാൻ വേണ്ടിയല്ല അത്. കൂടുതൽ കാര്യങ്ങൾ മനസിലാക്കാനും തിരുത്തപ്പെടാനും വേണ്ടിയാണ് സിറാജിനോട് ഇതെല്ലാം പറയുന്നത്. ഞാൻ എപ്പോൾ ചീത്ത പറയുമ്പോഴും സിറാജ് എന്നെ നോക്കി ചിരിച്ചുകൊണ്ടിരിക്കും. ഞാൻ ചീത്ത പറയുന്നത് അദ്ദേഹത്തിനു വളരെ ഇഷ്ടമാണ്,” അരുൺ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook