scorecardresearch

ചുണ്ടത്ത് വിരൽ വെച്ചുകൊണ്ടുള്ള ആഘോഷം എന്നെ വെറുക്കുന്നവർക്കുള്ളതാണ്: മുഹമ്മദ് സിറാജ്

ഓരോ വിക്കറ്റുകൾക്ക് ശേഷവും ചുണ്ടത്ത് വിരൽ വെച്ചത് വിമർശകർക്ക് ഒരു സന്ദേശം നൽകിയതാണെന്നാണ് സിറാജ് മത്സര ശേഷം വ്യക്തമാക്കിയത്

ചുണ്ടത്ത് വിരൽ വെച്ചുകൊണ്ടുള്ള ആഘോഷം എന്നെ വെറുക്കുന്നവർക്കുള്ളതാണ്: മുഹമ്മദ് സിറാജ്
ഫൊട്ടോ: ബിസിസിഐ

ലണ്ടൻ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റുകൾ പിഴുത മുഹമ്മദ് സിറാജിന്റെ ആഘോഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചുണ്ടത്തു വിരൽ വെച്ചുകൊണ്ടാണ് സിറാജ് വിക്കറ്റ് ആഘോഷിച്ചത്. മത്സരശേഷം അതിന് പിന്നിൽ ഒരു സന്ദേശം കൂടിയുണ്ടെന്ന് വ്യക്തമാക്കുകയാണ് താരം.

ഓരോ വിക്കറ്റുകൾക്ക് ശേഷവും ചുണ്ടത്ത് വിരൽ വെച്ചത് വിമർശകർക്ക് ഒരു സന്ദേശം നൽകിയതാണെന്നാണ് സിറാജ് മത്സര ശേഷം വ്യക്തമാക്കിയത്.

“ആ ആഘോഷം എന്നെ വെറുക്കുന്നവർക്ക് വേണ്ടിയാണ്. അവർ എന്നെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്, അവനു അത് ചെയ്യാൻ കഴിയില്ല ഇത് ചെയ്യാൻ കഴിയില്ല അങ്ങനെ. അതുകൊണ്ട് ഞാൻ എന്റെ ബോളുകൊണ്ട് മാത്രം സംസാരിച്ചു ഇതാണ് എന്റെ പുതിയ ആഘോഷം” രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ മത്സര ശേഷം നടന്ന പത്രസമ്മേളനത്തിൽ സിറാജ് പറഞ്ഞു.

മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്നലെ മറ്റൊരു സംഭവത്തിന് കൂടി ലോർഡ്‌സ് വേദി ആയിരുന്നു. ലഞ്ച് സെഷന് മുൻപ് കാണികളിൽ ഒരാൾ രാഹുലിന് നേർക്ക് കുപ്പിയുടെ കോർക്ക് എറിഞ്ഞിരുന്നു, എന്നാൽ താൻ അത് ശ്രദ്ധിച്ചിട്ടില്ല എന്നാണ് സിറാജ് പറഞ്ഞത്.

“എന്താണ് സംഭവിച്ചത് ഞാൻ ശ്രദ്ധിച്ചില്ല, എന്നാൽ തെറ്റായി ഒന്നും പറയുന്ന കേട്ടില്ല” സിറാജ് പറഞ്ഞു.

സ്ഥിരത പുലർത്താനും ഒരേ ലൈനിൽ പന്തെറിയാനുമായിരുന്നു ബോളർമാർ ശ്രമിച്ചിരുന്നത് എന്ന് സിറാജ് വ്യക്തമാക്കി. ഈ സഹചര്യങ്ങളിൽ നാല് ഫാസ്റ്റ് ബോളർമാർ ഉണ്ടാവുക എന്നത് പ്രധാനമാണെന്നും സിറാജ് പറഞ്ഞു.

“നാലാം ഫാസ്റ്റ് ബോളർ ആവശ്യമായിരുന്നു. കാരണം തുടക്കത്തിൽ നമ്മൾ മൂന്ന് വിക്കറ്റുകൾ എടുത്തു, നമ്മുടെ ബോളർമാർ സ്ഥിരതയോടെ ഒരേ ലൈനിൽ പന്തെറിയുന്നുണ്ടായിരുന്നു. ഇംഗ്ലണ്ടിൽ ഫാസ്റ്റ് ബോളർമാരുടെ പങ്ക് നിർണായകമാണ്, ഇംഗ്ലണ്ടിൽ പലതും ശ്രമിക്കാൻ നമ്മൾക്ക് തോന്നും, പക്ഷേ ഇവിടെ ഞങ്ങളുടെ പദ്ധതി സ്ഥിരത ഉണ്ടാവുക എന്നതും ഒരിടത് തന്നെ പന്തെറിയുക എന്നതുമായിരുന്നു. സിറാജ് പറഞ്ഞു.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ കെൽ രാഹുലിന്റെ 129 റൺസ് മികവിൽ ഇന്ത്യ 364 റൺസ് എടുത്തിരുന്നു. എന്നാൽ ഇംഗ്ലണ്ടിന് വേണ്ടി 180 റൺസുമായി ക്യാപ്റ്റൻ ജോ റൂട്ട് ഒരിക്കൽ കൂടി തിളങ്ങിയപ്പോൾ ഇംഗ്ലണ്ട് 391 റൺസുമായി 27 റൺസിന്റെ ലീഡ് ഉറപ്പിച്ചു.

Also read: അച്ചടക്കവും ആത്മസമർപ്പണവും: ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ പ്രതിരോധിച്ച രോഹിത്, രാഹുൽ ഫോർമുല

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Mohammed siraj india vs england 2nd test finger on lips celebration