ഈ സീസൺ ആരംഭിച്ചപ്പോൾ മുതൽ ട്രോളൻമാരുടെ സ്ഥിരം വേട്ടമൃഗമായിരുന്നു റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം മൊഹമ്മദ് സിറാജ്. യാതൊരു നിയന്ത്രണവുമില്ലാതെ റൺസ് വിട്ടുകൊടുക്കുകയും വിക്കറ്റ് വീഴ്‌ത്തുന്നതിൽ പിശുക്ക് കാണിക്കുകയും ചെയ്യുന്ന ബൗളറെന്നാണ് സിറാജിനെ എല്ലാവരും കുറ്റപ്പെടുത്തിയിരുന്നത്.

ബാറ്റ്‌സ്‌മാൻമാർ ഒരു ദയയുമില്ലാതെ പന്തുകളെ അതിർത്തി കടത്തുന്നത് കണ്ടപ്പോൾ മലയാളി ക്രിക്കറ്റ് ആസ്വാദകർ സിറാജിനൊരു ഇരട്ടപ്പേരും നൽകി. ബാറ്റ്‌സ്‌മാൻമാരുടെ ‘ചെണ്ട’യാണ് സിറാജെന്ന് നിരവധി പേർ ട്രോളി. എന്നാൽ, അവരുടെ വായടപ്പിക്കുന്ന മറുപടിയാണ് സിറാജ് ഇപ്പോൾ നൽകിയിരിക്കുന്നത്.

Read Also: ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇനി രക്ഷയില്ല; കാരണം ഇതാണ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ആർസിബിക്ക് വേണ്ടി മൂന്ന് ഓവറിൽ നിന്ന് മൂന്ന് വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. അതും ആദ്യ ഓവറിൽ രണ്ടെണ്ണം, തുടർച്ചയായ പന്തുകളിൽ!

രണ്ടാം ഓവറിലെ മൂന്നും നാലും പന്തുകളിലായി കൊൽക്കത്തയുടെ രാഹുൽ ത്രിപാഠി, നിതീഷ് റാണ എന്നിവരെ സിറാജ് മടക്കി. പിന്നീട് തന്റെ രണ്ടാമത്തെ ഓവർ എറിയാനെത്തിയപ്പോഴും സിറാജ് ഞെട്ടിച്ചു. ഇത്തവണ വിക്കറ്റിനു മുന്നിൽ കുടുക്കിയത് ടോം ബാന്റണെയാണ്.

രണ്ട് ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തി എന്നതു മാത്രമല്ല സിറാജിന്റെ നേട്ടം. ഈ രണ്ട് ഓവറിലും ഒരു റൺ പോലും വിട്ടുകൊടുത്തില്ല. ഐപിഎല്ലിൽ ആദ്യമായാണ് തുടർച്ചയായി രണ്ട് ഓവറിൽ ഒരു ബൗളർ റൺസൊന്നും വിട്ടുനൽകാത്തത്.

മൂന്നാം ഓവറിൽ രണ്ട് റൺസും നാലാം ഓവറിൽ ആറ് റൺസും സിറാജ് വിട്ടുകൊടുത്തു. അതായത് നാല് ഓവറിൽ വിട്ടുകൊടുത്തത് വെറും എട്ട് റൺസ്, മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. ഇന്നത്തെ മത്സരത്തിൽ ഒരു ബൗണ്ടറി പോലും സിറാജ് വിട്ടുകൊടുത്തില്ല എന്നതും ശ്രദ്ധേയമാണ്.

മത്സരഫലം ഇങ്ങനെ

കൊൽക്കത്ത നെെറ്റ് റെെഡേഴ്‌സിനെതിരായ മത്സരത്തിൽ എട്ട് വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗളൂർ. ആദ്യം ബാറ്റ് ചെയ്‌ത് കൊൽക്കത്തയുടെ 84 റൺസ് എന്ന ചെറിയ സ്‌കോർ 13.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ആർസിബി മറികടന്നു.

ഓപ്പണർമാരായ ആരോൺ ഫിഞ്ച് ( 21 പന്തിൽ 16 റൺസ്), ദേവ്‌ദത്ത് പടിക്കൽ (17 പന്തിൽ 25 റൺസ്) എന്നിവരുടെ വിക്കറ്റുകളാണ് ആർസിബിക്ക് നഷ്‌ടമായത്. ഗുർകീർത് സിങ് മൻ ( 26 പന്തിൽ 21 റൺസ്), നായകൻ വിരാട് കോഹ്‌ലി (17 പന്തിൽ 18 റൺസ്) എന്നിവർ പുറത്താകാതെ നിന്നു. കൊൽക്കത്തയ്‌ക്ക് വേണ്ടി ലോക്കി ഫെർഗൂസൻ ഒരു വിക്കറ്റ് വീഴ്ത്തി. ദേവ്‌ദത്ത് പടിക്കൽ റൺഔട്ട് ആകുകയായിരുന്നു.

Read Also: എറിഞ്ഞിട്ടു, ചുരുട്ടിക്കെട്ടി; കൊൽക്കത്തയെ വീഴ്‌ത്തി കോഹ്‌ലിപ്പട

ആദ്യം ബാറ്റ് ചെയ്യുന്ന കൊൽക്കത്ത നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടപ്പെടുത്തി 84 റൺസ് മാത്രമാണ് നേടിയത്. 32 റൺസിനിടെ അഞ്ച് മുൻനിര വിക്കറ്റുകൾ നഷ്‌ടമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook