/indian-express-malayalam/media/media_files/uploads/2023/10/29.jpg)
ലോകകപ്പിൽ വിക്കറ്റ് വേട്ടയിൽ ഇവരിൽ ആര് മുന്നിലെത്തുമെന്നറിയാൻ ആരാധകരും കാത്തിരിക്കുകയാണ് Photo: X/ Mohammed Siraj
ഐസിസി പുരുഷ ഏകദിന ബൗളിംഗ് റാങ്കിംഗിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജും ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹേസിൽവുഡും ഒന്നാം സ്ഥാനം പങ്കിട്ടു. മുഹമ്മദ് സിറാജിന്റെ നമ്പർ വൺ റാങ്കിങ്ങിന് പുതിയ വെല്ലുവിളിയാണ് ഓസീസ് താരം ഉയർത്തുന്നത്. രണ്ട് ഫാസ്റ്റ് ബൗളർമാരും 669 റാങ്കിംഗ് പോയിന്റുകളാണ് സ്വന്തമാക്കിയത്.
ഏകദിന ലോകകപ്പ് ആരംഭിക്കുന്നതിന്റെ തലേ ദിവസമാണ് പുതിയ റാങ്കിംഗ് ഐസിസി പുറത്തിറക്കിയത്. അതിനാൽ തന്നെ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ വിക്കറ്റ് വേട്ടകയിൽ ഇവരിൽ ആര് മുന്നിലെത്തുമെന്നറിയാൻ ആരാധകരും കാത്തിരിക്കുകയാണ്. അടുത്തിടെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ സിറാജിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു.
9 ഓവറിൽ 68 റൺസ് വഴങ്ങിയ സിറാജ് നല്ലോണം തല്ലുവാങ്ങിയിരുന്നു. ഒരു വിക്കറ്റും ലഭിച്ചിരുന്നു. അതേ മത്സരത്തിൽ 8 ഓവർ പന്തെറിഞ്ഞ ഹേസിൽവുഡ് 42 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇതാണ് സിറാജ് 11 പോയിന്റ് താഴേക്കിറങ്ങി ഹേസിൽവുഡിന് ഒപ്പമെത്താൻ കാരണമായത്.
അടുത്തിടെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ സിറാജ് കരിയർ ബെസ്റ്റ് പ്രകടനം നടത്തിയിരുന്നു. അന്ന് 7 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഒരു മെയ്ഡൻ ഓവറും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഹൈദരാബാദിൽ നിന്നുള്ള ഈ 29കാരൻ, ഈ മത്സരത്തിൽ ഒരോവറിൽ നാല് വിക്കറ്റുകളും വീഴ്ത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.