ന്യൂഡല്‍ഹി: മുഹമ്മദ് ഷമിയ്ക്കെതിരെ പൊലീസില്‍ പരാതിയുമായി ഭാര്യ. ഇന്ത്യന്‍ പേസറായ ഷമിയ്ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ കൊല്ലുമെന്നടക്കം ഭീഷണിപ്പെടുത്തിയിരുന്നതായും കഴിഞ്ഞ ദിവസം ഭാര്യ ഹസിന് ജഹാന് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹസിന് പരാതിയുമായി കൊല്‍ക്കത്ത പൊലീസ് സ്റ്റേഷനിലെത്തിയത്.
ഷമിയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് പരാതി. താരവും കുടുംബവും കഴിഞ്ഞ രണ്ട് കൊല്ലമായി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. 2014 ലായിരുന്നു ഇരുവരുടേയും വിവാഹം. മോഡലായിരുന്ന ഹസിന് വിവാഹ ശേഷം മോഡലിംഗ് രംഗത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
‘കഴിഞ്ഞ രണ്ട് വര്‍ഷമായി ഷമി എന്നെ കഴിയുന്ന തരത്തിലൊക്കെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. ഷമിയെ വിവാഹം ചെയ്യാനാണ് ഞാന്‍ മോഡലിംഗ് അവസാനിപ്പിച്ചത്. വിരാട് കോഹ്ലിയെ പോലെ ഒരു ബോളിവുഡ് നടിയെ വിവാഹം ചെയ്യാനാണ് ഷമിയുടെ ആഗ്രഹം. എന്നെ കല്യാണം കഴിച്ചത് തെറ്റായിപ്പോയെന്ന് അയാള്‍ കരുതുന്നു.’ ഇന്ത്യ ടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഹസിന് പറയുന്നു.
മറ്റു സ്ത്രീകളുമായി ഷമി വാട്സ്ആപ്പിലും ഫെയ്സ്ബുക്ക് മെസഞ്ചറിലും ചാറ്റ് ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ട് ജഹാന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വന്നിരുന്നു. ”ഫെയ്സ്ബുക്കില്‍ താന്‍ പോസ്റ്റ് ചെയ്തത് ചെറിയൊരു ഭാഗം മാത്രമാണ്. ഷമിയുടെ പ്രവൃത്തികള്‍ വെറുപ്പുളവാക്കുന്നതാണ്. നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ട്”, ജഹാന് പറഞ്ഞതായി എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
”ഷമിയുടെ ഫോണിന് പാസ്വേഡ് ഉണ്ടായിരുന്നു. ഒരുപാട് തവണ പരിശ്രമിച്ചതിനുശേഷമാണ് ഫോണിന്റെ ലോക്ക് മാറ്റിയത്. അപ്പോഴാണ് ഷമി പല സ്ത്രീകള്‍ക്കും അയച്ച സന്ദേശം കണ്ടത്. 2014 ല്‍ ഐപിഎല്ലില്‍ ഷമിയുടെ ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് അദ്ദേഹത്തിന് സമ്മാനമായി നല്കിയ ഫോണാണിത്. അദ്ദേഹം ഇത് കാറില്‍ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു. കാറില്‍ പരിശോധിച്ചപ്പോഴാണ് ഫോണ്‍ കിട്ടിയത്. ഗര്‍ഭനിരോധന ഉറകളും കാറില്‍നിന്നും കിട്ടി”യെന്നും ജഹാന് പറഞ്ഞിരുന്നു.
ഷമിയുടെ കുടുംബം തന്നെ പീഡിപ്പിക്കുന്നതായും ജഹാന് ആരോപിച്ചിരുന്നു. കുടുംബത്തിലെ ഓരോരുത്തരും എന്നെ ഉപദ്രവിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അമ്മയും സഹോദരനും എന്നെ അസഭ്യം പറയാറുണ്ട്. പുലര്‍ച്ചെ 2-3 മണി മുതല്‍ ഇത് തുടങ്ങും. എന്നെ കൊല്ലാന്‍ പോലും അവര്‍ക്ക് ഉദ്ദേശമുണ്ടെന്നും ജഹാന് പറഞ്ഞു.
”ദക്ഷിണാഫ്രിക്കയില്‍നിന്നും ഷമി മടങ്ങിയെത്തിയശേഷവും എന്നെ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. മറ്റു സ്ത്രീകളുമായുളള ബന്ധം അറിഞ്ഞപ്പോള്‍ അദ്ദേഹത്തിനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു. പക്ഷേ അപ്പോഴും എന്നെ ഉപദ്രവിക്കുകയാണ് ചെയ്തത്. സ്വന്തം തെറ്റ് മനസിലാക്കി തിരുത്താതെ എന്നോട് വീണ്ടും ദേഷ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇനി എനിക്കിത് സഹിക്കാനാവില്ല. എന്റെ കൈയ്യില്‍ തെളിവുകളുണ്ട്. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം”, ജഹാന് വ്യക്തമാക്കി.