ഹാമിൽട്ടൻ: ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ മൂന്നാം മത്സരത്തിൽ സൂപ്പർ ഓവറിലൂടെയാണ് സന്ദർശകർ തകർപ്പൻ ജയം സ്വന്തമാക്കിയത്. സൂപ്പർ ഓവറിലെ അവസാന രണ്ട് പന്തും സിക്സർ പായിച്ചായിരുന്നു രോഹിത് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. എന്നാൽ ഇന്ത്യയ്ക്ക് ജയമൊരുക്കിയത് മുഹമ്മദ് ഷമിയെറിഞ്ഞ 20 ഓവറാണെന്നാണ് രോഹിത് പറയുന്നത്. മത്സരശേഷം ട്വിറ്ററിലൂടെയായിരുന്നു രോഹിത്തിന്റെ പ്രതികരണം. ന്യൂസിലൻഡിനായി 95 റൺസെടുത്ത കെയ്ൻ വില്യംസണിനെയും രോഹിത് അഭിനന്ദിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 180 റൺസിന്റെ വിജയലക്ഷ്യമാണ് ന്യൂസിലൻഡിന് മുന്നിൽ ഉയർത്തിയത്. നായകൻ കെയ്ൻ വില്യംസണിന്റെ തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ കുതിച്ച ന്യൂസിലൻഡ് അനായാസം വിജയം സ്വന്തമാക്കുമെന്ന് ഇന്ത്യൻ ആരാധകർ വരെ ഉറപ്പിച്ചിരുന്നു. എന്നാൽ അവസാന ഓവറെറിയാൻ വന്ന ഷമി മത്സരത്തിന്റെ ഗതി തന്നെ മാറ്റി.

Also Read: സെവാഗിനും സച്ചിനുമൊപ്പം; ഓപ്പണറുടെ റോളിൽ പുതിയ റെക്കോർഡുമായി രോഹിത്

അവസാന ആറ് പന്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് ഒമ്പത് റൺസ്. ആദ്യ പന്ത് സിക്സർ പായിച്ച റോസ് ടെയ്‌ലർ ജയത്തിലേക്കുള്ള അകലം മൂന്ന് റൺസായി കുറച്ചു. രണ്ടാം പന്തിൽ നായകന് സിംഗിൾ നൽകിയ ടെയ്‌ലർ നോൺ ട്രൈക്ക് എൻഡിലേക്ക്. സ്ട്രൈക്ക് എൻഡിലെത്തിയ കെയ്ൻ വില്യംസണിന് സെഞ്ചുറി തികയ്ക്കാന അഞ്ച് റൺസ്, വിജയത്തിലേക്ക് രണ്ട് റൺസ് അവശേഷിക്കുന്നതാകട്ടെ നാല് പന്തുകളും. എന്നാൽ മൂന്നാം പന്തിൽ വില്യംസണിനെ രാഹുലിന്റെ കയ്യിലെത്തിച്ച ഷമി ന്യൂസിലൻഡിനെ ഞെട്ടിച്ചു. എന്നാലും വിജയപ്രതീക്ഷ അവസാനിച്ചിരുന്നില്ല, ജയിക്കാൻ മൂന്ന് പന്തിൽ രണ്ട് റൺസ്.

ഷമി എറിഞ്ഞ നാലാം പന്ത് സെയ്ഫെർട്ടിന് ഒന്നും ചെയ്യാനാകാതെ വന്നതോടെ മത്സരം നാടകീയ അന്ത്യത്തിലേക്ക്. അഞ്ചാം പന്തും തൊടാൻ സെയ്ഫെർട്ടിന് ആയിലെങ്കിലും ബൈറൺസിൽ ഒരു റൺ കൂടി സ്കോർബോർഡിൽ കൂട്ടിച്ചേർക്കാൻ ന്യൂസിലൻഡിനായി. ഇതോടെ സ്ട്രൈക്കിലെത്തിയ റോസ് ടെയ്‌ലറിന് ന്യൂസിലൻഡിനെ വിജയത്തിലെത്തിക്കാൻ വേണ്ടിയിരുന്നത് ഒരു റൺസായിരുന്നു. ഷമിയുടെ തീപാറും പന്ത് ടെയ്ലറുടെ ബാറ്റിൽ നിന്ന് പോയത് സ്റ്റംമ്പിലേക്ക്. മത്സരം സമനിലയിൽ.

Also Read: തിരുത്തിയെഴുത്ത്; ന്യൂസിലൻഡ് മണ്ണിൽ ചരിത്രനേട്ടവുമായി കോഹ്‌ലിപ്പട

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 17 റൺസ് നേടിയപ്പോൾ ഇന്ത്യയ്ക്കുവേണ്ടി രോഹിതും രാഹുലും വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ആദ്യമായി സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാനെത്തിയ രോഹിത് അവസാനം തകർത്തടിച്ചപ്പോൾ ഇന്ത്യ അർഹിച്ച വിജയം സ്വന്തമാക്കി. നേരത്തെ രോഹിത്തിന്റെ തന്നെ ഇന്നിങ്സാണ് ഇന്ത്യയെ 179 റൺസിലെത്തിച്ചത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ പോയ രോഹിത് ഹാമിൽട്ടണിൽ നിറഞ്ഞാടി. 40 പന്തിൽ 65 റൺസുമായാണ് രോഹിത് മടങ്ങിയത്. ആറ് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook