ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മുഹമ്മദ് ഷമിയില്‍ നിന്നും ആരും അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്നത് വാസ്തവം തന്നെ. എന്നാല്‍ കഴിഞ്ഞ ആറ് ടെസ്റ്റ് ഇന്നിങ്‌സുകളിലെ ഷമിയുടെ പ്രകടനം പരാജയമെന്നല്ല ദുരന്തം എന്നു വേണം വിശേഷിപ്പിക്കാന്‍.

ഇന്ത്യ പൂര്‍ണ ആധിപത്യം പുലര്‍ത്തിയ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഷമി പുറത്തായത് പൂജ്യത്തിനാണ്. ഇതോടെ തുടര്‍ച്ചയായ ആറ് മത്സരങ്ങളിലാണ് ഷമി പൂജ്യത്തിന് പുറത്താകുന്നത്. ടെസ്റ്റില്‍ ഷമിയ്ക്ക് ഒരു ഫിഫ്റ്റി അടക്കം 433 റണ്‍സുണ്ട്. പക്ഷെ അവസാനം നേരിട്ട എട്ട് പന്തുകളില്‍ നാല് തവണയാണ് ഷമി പുറത്തായത്.

ഷമിയുടെ അവസാന ആറ് ഇന്നിങ്‌സുകളില്‍ നാലെണ്ണം ഓസ്‌ട്രേിലയ്‌ക്കെതിരേയും രണ്ടെണ്ണം വെസ്റ്റ് ഇന്‍ഡീസുമെതിരെയാണ്. ഇതില്ലെല്ലാം ഷമി പുറത്തായത് പൂജ്യത്തിനാണ്. ആറിലും മൂന്ന് പന്തില്‍ കൂടുതല്‍ നേരിടാന്‍ പോലും ഷമിയ്ക്ക് സാധിച്ചിട്ടില്ല.

അതേസമയം, ഒന്നാം ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ രണ്ടാം ടെസ്റ്റിലും പിടിമുറുക്കുകയാണ്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്‌കോറായ 416 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത് വെറും 87 റണ്‍സ് മാത്രമാണ്. ഇപ്പോഴും ഇന്ത്യയേക്കാള്‍ 329 റണ്‍സ് പിന്നിലാണ് കരീബിയന്‍സ്. ഹാട്രിക് അടക്കം ആറ് വിക്കറ്റാണ് ഇന്ത്യയ്ക്ക് വേണ്ടി ബുംറ നേടിയത്. മൊഹമ്മദ് ഷമി ഒരു വിക്കറ്റ് നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook