കൊല്‍ക്കത്ത: മുഹമ്മദ് ഷമിയെക്കെതിരായ ആരോപണം ശക്തമാക്കി ഭാര്യ ഹസിന്‍ ജഹാന്‍. ഷമിയുടെ രണ്ടാമത്തെ ഫോണ്‍ താന്‍ കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ ഷമി ഉത്തര്‍പ്രദേശിലേക്ക് മടങ്ങി പോവുകയും താനുമായുള്ള ബന്ധം വേര്‍പ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്ന് ഹസിന്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹസിന്‍.

‘തെറ്റ് അംഗീകരിക്കണമെന്ന് ഷമിയെ പറഞ്ഞ് മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. കുറേ നാളായി ഞാനത് ചെയ്യുന്നു. ഇപ്പോള്‍ ഈ ഫോണ്‍ ഞാന്‍ കണ്ടെത്തിയിരുന്നില്ലെങ്കില്‍ എന്നെ ഉപേക്ഷിച്ച് ഉത്തര്‍പ്രദേശിയിലേക്കോ മറ്റ് എങ്ങോട്ടെങ്കിലുമോ ഓടി പോകുമായിരുന്നു. എന്നെ ഡിവോഴ്‌സ് ചെയ്തിട്ടുണ്ടാകുമായിരുന്നു.’ ഹസിന്‍ പറയുന്നു.

അതേസമയം, യാതൊരു കാരണവശാലും ഷമിയുമായി ഒത്തുതീര്‍പ്പിന് തയ്യാറാകില്ലെന്നും ഹസിന്‍ വ്യക്തമാക്കി.

‘ മതി, ഇത് ധാരാളമാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ അയാള്‍ക്ക് മാപ്പ് നല്‍കി വരികയാണ്. നല്ല വഴിയ്ക്ക് വരാമെന്ന് എനിക്ക് ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ ഞാന്‍ എല്ലാം തുറന്ന് പറയാന്‍ തീരുമാനിച്ചതോടെ ഷമിയുമായി ഇനിയൊരു ഒത്തുതീര്‍പ്പിന് സാധ്യത പോലുമില്ല.’ ഹസിന്‍ പറയുന്നു.

ഹസിനുമായി രമ്യതയിലെത്തണമെന്നും വീണ്ടും സന്തുഷ്ട കുടുംബമായി ജീവിക്കണമെന്നും ഷമി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹസിന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഹസിനെ ആരോ ബ്രെയിന്‍വാഷ് ചെയ്തിരിക്കുകയാണെന്നും തനിക്കെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നുമായിരുന്നു നേരത്തെ ഷമി പ്രതികരിച്ചത്.

എന്നാല്‍ സ്വയം രക്ഷിക്കാനാണ് ഷമി അത്തരം കാര്യങ്ങള്‍ പറയുന്നതെന്നും താന്‍ തെളിവുകള്‍ നല്‍കിയതാണെന്നും എന്തുകൊണ്ട് മാധ്യമങ്ങള്‍ അത് പരിശോധിക്കുന്നില്ലെന്നും ഹസിന്‍ ചോദിച്ചു.

ഷമിയ്ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നായിരുന്നു ഹസിന്റെ ആദ്യ ആരോപണം. പിന്നീട് താരം വാതുവെപ്പുകാരുമായി ബന്ധപ്പെട്ടെന്നും പണം വാങ്ങിയെന്നും ഹസിന്‍ ആരോപിച്ചു. തൊട്ട് പിന്നാലെ താരത്തിനും കുടുംബത്തിനുമെതിരെ അവര്‍ പരാതി നല്‍കുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ