ന്യൂഡൽഹി: മുഹമ്മദ് ഷമിയെ നേരിട്ട് കാണണമെന്ന ആവശ്യവുമായി ഭാര്യ ഹസിൻ ജഹാൻ. ഷമിക്ക് അപകടത്തിൽ പരുക്കേറ്റെന്ന വാർത്ത അറിഞ്ഞതോടെയാണ് ഭർത്താവിനെ കാണണമെന്ന് ആവശ്യപ്പെട്ട് ഹസിൻ രംഗത്തെത്തിയത്. കഴിഞ്ഞ ശനിയാഴ്ച ഡെറാഡൂണിൽനിന്നും ഡൽഹിയിലേക്കുളള യാത്രയ്ക്കിടെയാണ് ഷമി അപകടത്തിൽപ്പെട്ടത്. ഷമി സഞ്ചരിച്ചിരുന്ന കാർ ഡെറാഡൂണിൽവച്ച് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഷമിക്ക് പരുക്കേറ്റിരുന്നു.

‘തന്റെ മകൾക്ക് ഷമിയെ കാണണമെന്ന് ആഗ്രഹം പറഞ്ഞു. ഷമിയെ കാണാനായി ഡൽഹിക്ക് പോകും. ഞങ്ങൾ തമ്മിലുളള പ്രശ്നങ്ങൾ പരിഹരിക്കാനല്ല, മറിച്ച് മകൾക്ക് അവളെ അച്ഛനെ കാണണമെന്ന ആഗ്രഹം പറഞ്ഞതിനാലാണ് പോകുന്നത്’ ഹസിൻ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾക്കിടയിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഷമി ഇപ്പോഴും എന്റെ ഭർത്താവാണ്. ഷമിക്ക് കാറപകടത്തിൽ പരുക്കേറ്റ വിവരം കേട്ടപ്പോൾ ഞാൻ അസ്വസ്ഥയായി. അദ്ദേഹത്തിന് പെട്ടെന്ന് സുഖം പ്രാപിക്കാൻ ദൈവത്തോട് താൻ പ്രാർത്ഥിക്കുന്നുണ്ടെന്നും ഹസിൻ പറഞ്ഞു.

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ ഗുരുതരമായ ആരോപണങ്ങളാണ് ഉയർത്തിയത്. ഗാർഹിക പീഡനം, വാതുവയ്പ് ആരോപണം, പരസ്ത്രീ ബന്ധം ഉൾപ്പെടെയുളള ആരോപണമാണ് ഹസിൻ ഉയർത്തിയത്. അലിഷ്ബ എന്ന പേരുളള പാക്കിസ്ഥാൻ യുവതിയുമായി ഷമിക്ക് ബന്ധമുണ്ടെന്നും ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുശേഷം ദുബായിലെ ഹോട്ടലിൽ വച്ച് ഇരുവരും കണ്ടുവെന്നും ഹസിൻ പറഞ്ഞിരുന്നു. മുഹമ്മദ് ഭായ് എന്നു പേരുളള ആളുടെ കൈയ്യിൽ ഷമിക്കായി അലിഷ്ബ പണം കൊടുത്തുവിട്ടെന്നും ഹസിൻ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ ബിസിസിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook