വെല്ലിങ്ടണ്‍: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ പ്രശംസിച്ച് പരിശീലകന് രവി ശാസ്ത്രി. ന്യൂസിലൻഡിനെതിരായ 4-1 ന്റെ പരമ്പര വിജയത്തിന് പിന്നാലെയായിരുന്നു ശാസ്ത്രി ഷമിയെ പ്രശംസിച്ചത്.
ഒരു വര്‍ഷം മുമ്പ് യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ട് ഷമി ടീമില്‍ നിന്നും പുറത്തായിരുന്നു. പിന്നാലെ വ്യക്തി ജീവിതത്തിലെ വിവാദങ്ങളും താരത്തിന് തിരിച്ചടിയായി. ഭാര്യ ഹസിന് ജഹാന്റെ ആരോപണങ്ങളും കേസുമെല്ലാം ഷമിയുടെ കരിയറിനും കരിനിഴല്‍ വീഴ്ത്തിയിരുന്നു. എന്നാല്‍ വെല്ലുവിളികളെയെല്ലാം മറി കടന്ന് ഷമി തിരിച്ചു വന്നിരിക്കുകയാണ്.
”കഴിഞ്ഞ അഞ്ചോ ആറോ മാസത്തിനിടെ സ്റ്റാന്റ് ഔട്ടായി നില്ക്കുന്ന ഒരാളുടെ പേര് പറയണമെങ്കില്‍ മുഹമ്മദ് ഷമിയുടെ പേരാകും അത്” മത്സരശേഷം ശാസ്ത്രി പറഞ്ഞു. ”യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടത് അവന് ലഭിച്ച തിരിച്ചടിയായിരുന്നു. പക്ഷെ അവന് കഠിനാധ്വാനം ചെയ്തു. ഫിറ്റായി തിരിച്ചു വന്നു. പിന്നീടൊരിക്കലും പിന്നോട്ട് പോയിട്ടില്ല. എല്ലാ ഫോര്‍മാറ്റിലും മികച്ചു നില്ക്കുന്നു” ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
”ഒരു ദിവസം രാവിലെ അവന് ബോളിങ് കോച്ച് അരുണിനോട് പറയുന്നത് കണ്ടു, ആന്റേഴ്സണിന്റെ പൊസിഷന്‍ ഇങ്ങനെയാണ്, മറ്റൊരു പേസറുടെ ഇങ്ങനെയാണ് എന്നൊക്കെ. പക്ഷെ അരുണ്‍ പറഞ്ഞത് നിന്റെ പൊസിഷന്‍ നോക്ക്. ആളുകള്‍ നിന്നെയാണ് നോക്കുന്നത്. വെറുതെ മറ്റുള്ളവരെ അനുകരിക്കരുത്’ ശാസ്ത്രി ഓർമ്മിച്ചു.