ലോകകപ്പിൽ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ പകരക്കാരനായി എത്തി മിന്നും പ്രകടനത്തിലൂടെ ആരാധകരുടെ കൈയ്യടി നേടിയ താരമാണ് മുഹമ്മദ് ഷമി. കുറഞ്ഞ മത്സരത്തിനുള്ളിൽ നിരവധി വിക്കറ്റുകൾ നേടി മുഹമ്മദ് ഷമി ലോകകപ്പിന്റെ തന്നെ ശ്രദ്ധ ആകർഷിച്ചിരുന്നു. കഴിഞ്ഞ ഏതാണ്ട് ഒരു വര്‍ഷമായി മിന്നും ഫോമിലാണ് മുഹമ്മദ് ഷമി കളിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ നേടിയ ഹാട്രിക്കോടെ ഇന്ത്യയുടെ ലോകകപ്പ് ഹീറോയായും ഷമി മാറി.

എന്നാൽ ഷമിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ. ഷമിക്കെതിരെ ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍ വീണ്ടും രംഗത്തെത്തിയതിന് പിന്നാലെ മറ്റൊരു യുവതി കൂടി ഷമിക്കെതിരെ ട്വീറ്റുമായി എത്തി. ഷമിക്ക് തീരെ പരിചയമില്ലാത്ത ഒരു യുവതിക്ക് ഇൻസ്റ്റഗ്രാം മെസേജ് അയച്ചതാണ് വിവാദമായത്. തനിക്ക് തീരെ പരിചയമില്ലാത്ത പ്രശസ്തനായ ക്രിക്കറ്റ് താരത്തിന്റെ സന്ദേശം വന്നതോടെ ഞെട്ടിയ സോഫിയ എന്ന യുവതി ഉടൻ തന്നെ പോസ്റ്റിട്ടു.

“1.4 മില്യൺ ഫോളോവേഴ്സ് ഉള്ള പ്രമുഖനായ ക്രിക്കറ്റർ എന്തിനാണ് എനിക്ക് മെസേജ് അയക്കുന്നതെന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോ” എന്ന ക്യാപ്ഷനോടെയാണ് യുവതിയുടെ ട്വീറ്റ്.

പിന്നാലെ സോഷ്യൽ മീഡിയയും വിഷയം ഏറ്റെടുത്തു. നിരവധി ആളുകളാണ് ഷമിക്കെതിരെ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

ഷമി ടിക് ടോക്കില്‍ കൂടുതലും യുവതികളെയാണ് ഫോളോ ചെയ്യുന്നത് എന്നായിരുന്നു ഭാര്യ ഹസിന്റെ ആരോപണം. ഈയടുത്താണ് ഷമി ടിക് ടോക്കില്‍ അക്കൗണ്ട് എടുക്കുന്നത്. 97 അക്കൗണ്ടുകളാണ് താരം ഫോളോ ചെയ്യുന്നത്. ഇതില്‍ 90 പേരും സ്ത്രീകളാണെന്ന് ഹസിന്‍ പറയുന്നു. ഷമിക്ക് നാണമില്ലെന്നും ഹസിന്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.

ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ മർദിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും ഭാര്യ ഹസിന്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഷമിയുടെ കുടുംബത്തിനെതിരേയും ഹസിന്‍ ആരോപണം ഉന്നയിച്ചിരുന്നു. സമീപ കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച സംഭവമായിരുന്നു ഷമിക്കെതിരായ കേസ്. താരത്തിന്റെ കരിയര്‍ തന്നെ അവസാനിച്ചെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഷമിക്കെതിരെ വാതുവയ്പ് ആരോപണവും ഹസിന്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് ബിസിസിഐ അന്വേഷിക്കുകയും താരത്തിന് ക്ലിന്‍ ചിറ്റ് നല്‍കുകയുമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook