ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമില്‍ ജസ്പ്രീത് ബുംറയുടെ പകരക്കാരനായി മുഹമ്മദ് ഷമിയെ തിരഞ്ഞെടുത്ത് ബിസിസിഐ. ബുംറ പരിക്കേറ്റ് പുറത്തായതോടെയാണ് ടീമില്‍ ഷമിക്ക് ഇടം ലഭിച്ചത്. നേരത്തേ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ റിസര്‍വ് താരങ്ങളിലൊരാളായിരുന്നു ഷമി.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് മുന്നോടിയായി പുറം വേദനയെ തുടര്‍ന്ന് ബുംറ ടി20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായിരുന്നു. പകരക്കാരനായി എത്തിയ ഷമി കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ലോകകപ്പിന് ശേഷം ഇന്ത്യയ്ക്കായി ഒരു ടി20 മത്സരത്തില്‍ പോലും കളിച്ചിട്ടില്ല. ഷമി ഉടന്‍ തന്നെ ടീമിനൊപ്പം ചേര്‍ന്ന് സന്നാഹമത്സരങ്ങളില്‍ പങ്കെടുക്കും. ഷമിയ്ക്ക് പകരം മുഹമ്മദ് സിറാജും ശാര്‍ദൂല്‍ ഠാക്കൂറും റിസര്‍വ് താരങ്ങളായി ഇന്ത്യന്‍ ടീമില്‍ ഇടം നേടി. 2022 ലെ ഏഷ്യാ കപ്പില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഉള്‍പ്പെടെ ലോകപ്പിന് വെല്ലുവിളിയായി ഒന്നിന് പുറകെ ഓന്നായി ഇന്ത്യന്‍ താരങ്ങള്‍ പരിക്കിന് പിടിയിലായിരുന്നു.
അടുത്തിടെ പെര്‍ത്തില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയ ഇലവനെതിരെ രണ്ട് സന്നാഹ മത്സരങ്ങള്‍ കളിച്ചിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പാകിസ്ഥാനെതിരെ മത്സരത്തിന് മുമ്പ് ഓസ്ട്രേലിയയും ന്യൂസിലന്‍ഡുമായും ഇന്ത്യ കളിക്കും.
ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി.