ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനോട് ദയനീയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇന്ത്യയ്ക്കെതിരെ 180 റൺസിന്റെ വിജയമാണ് പാക്കിസ്ഥാൻ നേടിയത്. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ നേടിയ വിജയം പാക് ആരാധകർ കയ്യും മെയ്യും മറന്നാണ് ആഘോഷിച്ചത്. പക്ഷേ അവരിലൊരാൾ ഇന്ത്യൻ താരങ്ങളെ പ്രകോപിച്ചു.

മൽസരം കഴിഞ്ഞ് പവലിയനിലേക്ക് മടങ്ങുകയായിരുന്നു ഇന്ത്യൻ ടീം. ഈ സമയം ഒരു ഇന്ത്യൻ ആരാധകൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയോട് താങ്കളുടെ അഹങ്കാരം തീർന്നില്ലേയെന്നു ചോദിച്ചു. പക്ഷേ കോഹ്‌ലി ഇതിനോട് പ്രതികരിക്കാതെ കടന്നുപോയി. അതിനുശേഷം അയാൾ നിങ്ങളുടെ അച്ഛൻ ആരാണെന്ന്? ഇന്ത്യൻ താരങ്ങളോട് ചോദിച്ചുകൊണ്ടിരുന്നു. പല ഇന്ത്യൻ താരങ്ങളും ഇതു കേട്ട ഭാവം നടിക്കാതെ കടന്നുപോയി. പക്ഷേ മുഹമ്മദ് ഷമിക്ക് ഇതു കേട്ടപ്പോൾ തന്റെ നിയന്ത്രണം വിട്ടു. നടന്നുപോയ ഷമി തിരികെ പാക് ആരാധകന്റെ അടുത്തേക്ക് വന്നു. ഷമിയുടെ പുറകെ വന്ന ധോണി ഇതു കണ്ടു. ധോണി ഉടൻതന്നെ ഷമിയെ പിടിച്ചു കൊണ്ടുപോയി.

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസാണ് നേടിയത്. സെഞ്ചുറി നേടിയ ഓപ്പണർ ഫഖാർ സമാനാണു (114) പാക്കിസ്ഥാനെ മികച്ച സ്കോറിൽ എത്തിച്ചത്. 339 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴച്ചു. 30.3 ഓവറിൽ 158 ന് ഇന്ത്യൻ താരങ്ങൾ എല്ലാം പുറത്തായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ