ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷമി ഐപിഎല്‍ മൽസരങ്ങളുടെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ട്. ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഗുരുതരമായ ആരോപണങ്ങ​ള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഷമിയുടെ ക്രിക്കറ്റ് കരിയര്‍ കരിനിഴലിലായിരുന്നു. എന്നാല്‍ ഷമിയുടെ വ്യക്തി ജീവിതത്തെ കുറിച്ച് ബിസിസിഐക്ക് ആശങ്കയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഷമി തന്നെ ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നും ഭാര്യ വെളിപ്പെടുത്തിയെങ്കിലും ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഷമിക്ക് ഐപിഎല്ലില്‍ കളിക്കാന്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. ഞങ്ങൾ എല്ലാവരും അതിനെ അനുകൂലിക്കുന്നു. വ്യക്തിജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പ്രൊഫഷണല്‍ കരിയറില്‍ കണക്കാക്കേണ്ടതില്ല എന്നാണ് എല്ലാവരുടേയും അഭിപ്രായം. അദ്ദേഹം മികച്ച കളിക്കാരനാണ്. അദ്ദേഹം കളിക്കും’, ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2014 മുതല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമാണ് ഷമി. ഇംഗ്ലണ്ടിലെ വ്യവസായിയായ മുഹമ്മദ് ഭായിയുടെ നിർദ്ദേശ പ്രകാരം പാക്കിസ്ഥാൻകാരി അലിഷ്ബയിൽ നിന്ന് ഷമി പണം സ്വീകരിച്ചുവെന്നാണ് ഹസിൻ ജഹാന്റെ ആരോപണം. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ക്രിക്കറ്റ് ഭരണസമിതി ചെയർമാൻ വിനോദ് റായ് അഴിമതി വിരുദ്ധ സമിതി ചെയർമാൻ നീരജ് കുമാറിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഹമ്മദ് ഷമിയും ഭാര്യ ഹസിൻ ജഹാനും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിൽ പണം വാങ്ങിയതിനെക്കുറിച്ച് പറയുന്നുണ്ട്. ഇതു ശരിയാണോയെന്നും അങ്ങനെയെങ്കിൽ എന്താവശ്യത്തിനാണു പണം സ്വീകരിച്ചതെന്നും അന്വേഷിക്കാനാണു നിർദ്ദേശം.

”ഏത് അന്വേഷണത്തിനും തയ്യാറാണ്. എന്റെ രാജ്യത്തെ ഒരിക്കലും ചതിച്ചിട്ടില്ല. ഒത്തുകളി ആരോപണത്തിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ തൂക്കിലേറാൻ തയ്യാറാണ്” അഭിമുഖത്തിൽ കരഞ്ഞുകൊണ്ട് ഷമി പറഞ്ഞു.

ഷമിക്കെതിരെ ഭാര്യ നൽകിയ പരാതിയിൽ കൊൽക്കത്ത പൊലീസ് കേസെടുത്തിട്ടുണ്ട്. ഗാർഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഭാര്യയുടെ പരാതിയെ തുടർന്ന് മുഹമ്മദ് ഷമിയെ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിന്റെ (ബിസിസിഐ) ഏറ്റവും പുതിയ വേതന കരാറിൽനിന്ന് (പ്രതിവർഷം മൂന്നു കോടി രൂപയുടെ വേതനം ലഭ്യമാകുന്ന കാറ്റഗറി) പുറത്താക്കിയിരുന്നു. അന്വേഷണത്തിൽ ഷമി തെറ്റുകാരനല്ലെന്നു കണ്ടെത്തിയാൽ അദ്ദേഹത്തെ കരാറിൽ ഉൾപ്പെടുത്തുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്കു വേണ്ടി നിരവധി മൽസരങ്ങളിൽ ഷമി കളിച്ചിട്ടുണ്ട്. 30 ടെസ്റ്റിൽ 110 വിക്കറ്റും 50 ഏകദിനങ്ങളിൽ 91 വിക്കറ്റും ഷമി വീഴ്ത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ