മുംബൈ: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ഹാസിൻ ജഹാൻ. ഷമിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നും മാനസികമായും ശാരീരികമായും തന്നെ കഴിഞ്ഞ 2 വർഷത്തിലധികമായി പീഡിപ്പിക്കുന്നുവെന്നാണ് ജഹാൻ പറഞ്ഞിരിക്കുന്നത്. എബിപി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മറ്റു സ്ത്രീകളുമായി ഷമി വാട്സ്ആപ്പിലും ഫെയ്സ്ബുക്ക് മെസഞ്ചറിലും ചാറ്റ് ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് ജഹാന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വന്നിരുന്നു. ”ഫെയ്സ്ബുക്കിൽ താൻ പോസ്റ്റ് ചെയ്തത് ചെറിയൊരു ഭാഗം മാത്രമാണ്. ഷമിയുടെ പ്രവൃത്തികൾ വെറുപ്പുളവാക്കുന്നതാണ്. നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ട്”, ജഹാൻ പറഞ്ഞതയി എബിപി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

”ഷമിയുടെ ഫോണിന് പാസ്‌വേഡ് ഉണ്ടായിരുന്നു. ഒരുപാട് തവണ പരിശ്രമിച്ചതിനുശേഷമാണ് ഫോണിന്റെ ലോക്ക് മാറ്റിയത്. അപ്പോഴാണ് ഷമി പല സ്ത്രീകൾക്കും അയച്ച സന്ദേശം കണ്ടത്. 2014 ൽ ഐപിഎല്ലിൽ ഷമിയുടെ ടീമായ ഡൽഹി ഡെയർഡെവിൾസ് അദ്ദേഹത്തിന് സമ്മാനമായി നൽകിയ ഫോണാണിത്. അദ്ദേഹം ഇത് കാറിൽ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു. കാറിൽ പരിശോധിച്ചപ്പോഴാണ് ഫോൺ കിട്ടിയത്. ഗർഭനിരോധന ഉറകളും കാറിൽനിന്നും കിട്ടി”യെന്നും ജഹാൻ പറഞ്ഞു.

ഷമിയുടെ കുടുംബം തന്നെ പീഡിപ്പിക്കുന്നതായും ജഹാൻ ആരോപിച്ചു. കുടുംബത്തിലെ ഓരോരുത്തരും എന്നെ ഉപദ്രവിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അമ്മയും സഹോദരനും എന്നെ അസഭ്യം പറയാറുണ്ട്. പുലർച്ചെ 2-3 മണി മുതൽ ഇത് തുടങ്ങും. എന്നെ കൊല്ലാൻ പോലും അവർക്ക് ഉദ്ദേശമുണ്ടെന്നും ജഹാൻ പറഞ്ഞു.

”ദക്ഷിണാഫ്രിക്കയിൽനിന്നും ഷമി മടങ്ങിയെത്തിയശേഷവും എന്നെ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. മറ്റു സ്ത്രീകളുമായുളള ബന്ധം അറിഞ്ഞപ്പോൾ അദ്ദേഹത്തിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു. പക്ഷേ അപ്പോഴും എന്നെ ഉപദ്രവിക്കുകയാണ് ചെയ്തത്. സ്വന്തം തെറ്റ് മനസിലാക്കി തിരുത്താതെ എന്നോട് വീണ്ടും ദേഷ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇനി എനിക്കിത് സഹിക്കാനാവില്ല. എന്റെ കൈയ്യിൽ തെളിവുകളുണ്ട്. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം”, ജഹാൻ വ്യക്തമാക്കി.

അതേസമയം, ജഹാന്റെ ആരോപണങ്ങളെ നിഷേധിച്ച് ഷമി രംഗത്തെത്തി. ജഹാന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്റെ ഇമേജിനെ തകർക്കാനുളള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും ഷമി ട്വിറ്ററിൽ കുറിച്ചു.

2014 ലാണ് ഷമിയും ഹാസിൻ ജഹാനും തമ്മിലുളള വിവാഹം നടന്നത്. ഇരുവർക്കും 3 വയസ്സുളള ഐറാഹ് എന്ന മകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook