വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ രണ്ടാം വിക്കറ്റ് നഷ്ടമായതോടെ തകർന്നടിഞ്ഞത് ഹോപ്പിന്റെ വലിയ പ്രതീക്ഷകളായിരുന്നു. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന വിൻഡീസ് താരമെന്ന ബ്രയാൻ ലാറയുടെ കാൽനൂറ്റാണ്ട് പഴക്കമുള്ള റെക്കോർഡ് തകർക്കാമെന്ന പ്രതീക്ഷയിൽ കടക്കിലെ ക്രീസിലെത്തിയ ഷായ് ഹോപ്പിന് എന്നാൽ നാല് റൺസകലെ ആ റെക്കോർഡ് നഷ്ടമായി. 50 പന്തിൽ അഞ്ചു ബൗണ്ടറികളടക്കം 42 റൺസെടുത്ത ഹോപ്പിനെ ഷമി പുറത്താക്കുകയായിരുന്നു.

1993ൽ സൂപ്പർ താരം ബ്രയാൻ ലാറ സ്വന്തമാക്കി 1349 റൺസാണ് ഒരു വിൻഡീസ് താരത്തിന്റെ കലണ്ടർ വർഷത്തിലെ ഏറ്റവും ഉയർന്ന സ്കോർ. ഈ വർഷം വെടിക്കെട്ട് ഫോമിൽ വിൻഡീസ് ജേഴ്സിയിൽ തിളങ്ങിയ ഹോപ്പിന് ഈ നേട്ടം മറികടക്കാൻ വേണ്ടിയിരുന്നത് 47 റൺസായിരുന്നു. എന്നാൽ കട്ടക്കിൽ ഹോപ്പിന്റെ ഇന്നിങ്സ് 42 റൺസിൽ അവസാനിച്ചതോടെ ബ്രയാൻ ലാറയുടെ റെക്കോർഡ് ഇനിയും അദ്ദേഹത്തിന്റെ പേരിൽ തന്നെ തുടരും.

നിലവിൽ ഷായ് ഹോപ്പിന്റെ അക്കൗണ്ടിൽ 1345 റൺസാണുള്ളത്. ഈ വർഷം വിൻഡീസിന് ഇനി ഏകദിന മത്സരങ്ങൾ ഇല്ലാത്തതിനാൽ റെക്കോർഡ് തിരുത്താൻ സാധിക്കില്ല. അതേസമയം ഷായ് ഹോപ്പ് ഏകദിനത്തിൽ 3000 റൺസ് എന്ന നാഴികക്കല്ലും പിന്നിട്ടു.

പരമ്പര വിജയികളെ തീരുമാനിക്കുന്ന കട്ടക്ക് ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർക്കാനായി. എവിൻ ലെവിസ് പുറത്താകുമ്പോൾ വിൻഡീസ് സ്കോർ 57ൽ എത്തിയിരുന്നു. എന്നാൽ സ്കോർബോർഡിൽ 13 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ ഹോപ്പും പുറത്തായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook