മുംബൈ: ഭാര്യ ഹസിൻ ജഹാൻ ഉയർത്തിയ ഒത്തുകളി ആരോപണത്തിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ തന്നെ തൂക്കിക്കൊല്ലാമെന്ന് മുഹമ്മദ് ഷമി. ഇന്ത്യ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹസിൻ തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങളെക്കുറിച്ച് ഇന്ത്യൻ ഫാസ്റ്റ് ബോളർ ഷമി പ്രതികരിച്ചത്. അഭിമുഖത്തിനിടയിൽ ഷമി പൊട്ടിക്കരയുകയും ചെയ്തു.

ഇംഗ്ലണ്ടിലെ വ്യവസായിയായ മുഹമ്മദ് ഭായിയുടെ നിർദ്ദേശ പ്രകാരം പാക്കിസ്ഥാൻകാരി അലിഷ്ബയിൽ നിന്ന് ഷമി പണം സ്വീകരിച്ചുവെന്നാണ് ഹസിൻ ജഹാന്റെ ആരോപണം. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ക്രിക്കറ്റ് ഭരണസമിതി ചെയർമാൻ വിനോദ് റായ് അഴിമതി വിരുദ്ധ സമിതി ചെയർമാൻ നീരജ് കുമാറിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഹമ്മദ് ഷമിയും ഭാര്യ ഹസിൻ ജഹാനും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിൽ പണം വാങ്ങിയതിനെക്കുറിച്ച് പറയുന്നുണ്ട്. ഇതു ശരിയാണോയെന്നും അങ്ങനെയെങ്കിൽ എന്താവശ്യത്തിനാണു പണം സ്വീകരിച്ചതെന്നും അന്വേഷിക്കാനാണു നിർദ്ദേശം.

”ഏത് അന്വേഷണത്തിനും തയ്യാറാണ്. എന്റെ രാജ്യത്തെ ഒരിക്കലും ചതിച്ചിട്ടില്ല. ഒത്തുകളി ആരോപണത്തിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ തൂക്കിലേറാൻ തയ്യാറാണ്” അഭിമുഖത്തിൽ കരഞ്ഞുകൊണ്ട് ഷമി പറഞ്ഞു.

ഷമിക്കെതിരെ ഭാര്യ നൽകിയ പരാതിയിൽ കൊൽക്കത്ത പൊലീസ് കേസെടുത്തിട്ടുണ്ട്. ഗാർഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഭാര്യയുടെ പരാതിയെ തുടർന്ന് മുഹമ്മദ് ഷമിയെ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിന്റെ (ബിസിസിഐ) ഏറ്റവും പുതിയ വേതന കരാറിൽനിന്ന് (പ്രതിവർഷം മൂന്നു കോടി രൂപയുടെ വേതനം ലഭ്യമാകുന്ന കാറ്റഗറി) പുറത്താക്കിയിരുന്നു. അന്വേഷണത്തിൽ ഷമി തെറ്റുകാരനല്ലെന്നു കണ്ടെത്തിയാൽ അദ്ദേഹത്തെ കരാറിൽ ഉൾപ്പെടുത്തുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്കു വേണ്ടി നിരവധി മൽസരങ്ങളിൽ ഷമി കളിച്ചിട്ടുണ്ട്. 30 ടെസ്റ്റിൽ 110 വിക്കറ്റും 50 ഏകദിനങ്ങളിൽ 91 വിക്കറ്റും ഷമി വീഴ്ത്തിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ