/indian-express-malayalam/media/media_files/uploads/2019/01/shami.jpg)
രാജ്യാന്തര ക്രിക്കറ്റിൽ മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ട് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. 2019ൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായാണ് മുഹമ്മദ് ഷമി വർഷം അവസാനിപ്പിക്കുന്നത്. വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഷായ് ഹോപ്പിനെ പുറത്താക്കിയതോടെ 2019ൽ ഇതുവരെ പുറത്താക്കിയ താരങ്ങളുടെ എണ്ണം 42 ആയി. ഇത് രണ്ടാം തവണയാണ് ഷമി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്.
ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ടാണ് വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുള്ള താരം. 38 വിക്കറ്റുകളാണ് ഈ വർഷം ബോൾട്ട് വീഴ്ത്തിയത്. 2014ലാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയത്. അന്ന് 38 വിക്കറ്റുകളായിരുന്നു താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലമത്തെ ഇന്ത്യൻ താരമാണ് ഷമി, രണ്ടു തവണ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരവും.
ഈ വർഷം നടന്ന ലോകകപ്പിലുൾപ്പടെ ഹാട്രിക് പ്രകടനവുമായി ഷമി തിളങ്ങിയിരുന്നു. ഏകദിന - ടെസ്റ്റ് ഫോർമാറ്റുകളിൽ മിന്നും പ്രകടനവുമായി തിളങ്ങിയ താരം രണ്ടു വർഷത്തിന് ശേഷം ടി20 ടീമിൽ മടങ്ങിയെത്തിയതും 2019ൽ ആയിരുന്നു.
നേരത്തെ കട്ടക്ക് ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയും ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ തന്റെ പേരിൽ എഴുതി ചേർത്താണ് രോഹിത് ശർമ 2019 അവസാനിപ്പിക്കുന്നത്. കലണ്ടർ വർഷത്തിലെ തന്റെ അവസാന ഏകദിന മത്സരത്തിലും രോഹിത് അത്തരത്തിൽ ഒരു റെക്കോർഡ് തിരുത്തി. അതും 22 വർഷം പഴക്കമുള്ള റെക്കോർഡ്. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് നടുന്ന ഓപ്പണറായാണ് രോഹിത് കട്ടക്കിൽ മാറിയത്. ശ്രീലങ്കൻ താരം സനത് ജയസൂര്യയുടെ പേരിലായിരുന്ന റെക്കോർഡാണ് രോഹിത് തന്റെ പേരിൽ തിരുത്തിയെഴുതിയത്.
ഇന്ത്യൻ കുപ്പായത്തിൽ ഓപ്പണറായി ഇറങ്ങി കട്ടക്കിൽ ഒമ്പത് റൺസ് തികച്ചതോടെയാണ് രാജ്യാന്തര ക്രിക്കറ്റിൽ പുതിയ ചരിത്രം പിറന്നത്. 1997ൽ സനത് ജയസൂര്യ 2388 റൺസ് നേടിയിരുന്നു. ഈ റെക്കോർഡാണ് രോഹിത് മറികടന്നത്. ഈ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും രോഹിത് ശർമയാണ്. തൊട്ടുപിന്നാലെ തന്നെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുമുണ്ട്. ഈ വർഷം ഇന്ത്യ കളിക്കുന്ന അവസാന ഏകദിന മത്സരമായതിനാൽ തന്നെ റെക്കോർഡ് പുസ്തകത്തിൽ കൂടുതൽ മാറ്റങ്ങൾക്കും സാധ്യതയില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us