scorecardresearch

കണ്ടത്തിൽ കളിക്കുമ്പോഴും സമ്മർദമുണ്ട്, ആ സെഞ്ചുറി നൽകിയത് കൂടുതൽ ആത്മവിശ്വാസം: മുഹമ്മദ് അസഹ്റുദീൻ

വിരാട് കോഹ്‌ലിക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുകയെന്നത് തന്റെ വലിയ സ്വപ്നമാണെന്നും അസ്ഹറുദീൻ പറയുന്നു

വിരാട് കോഹ്‌ലിക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുകയെന്നത് തന്റെ വലിയ സ്വപ്നമാണെന്നും അസ്ഹറുദീൻ പറയുന്നു

author-image
Joshy K John
New Update
Mohammed Azharudeen, മുഹമ്മദ് അസഹ്റുദീൻ, Kerala cricket team, കേരള ക്രിക്കറ്റ്, Interview, അഭിമുഖം, IE Malayalam

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കെതിരെ നേടിയ തകർപ്പൻ സെഞ്ചുറിയിലൂടെ ആഭ്യന്തര ക്രിക്കറ്റിലെ ശ്രദ്ധേയ സാന്നിധ്യമായിയിരിക്കുകയാണ് കേരള താരം അസ്ഹറുദീൻ. ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ടീമുകൾ ആദ്യം സ്വന്തമാക്കാൻ സാധ്യതയുള്ള താരങ്ങളിലൊരാളാണ് അസഹ്റുദീൻ. ഈ സാധ്യത, തന്നെ അമിത ആത്മവിശ്വാസത്തിലേക്ക് തള്ളിവിടാൻ ഈ കാസർഗോഡുകാരൻ അനുവദിക്കുന്നില്ല. ഐപിഎല്ലിൽ അവസരം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും പറയുമ്പോഴും അങ്ങനെ സംഭവിച്ചില്ലെങ്കിലും അത് തന്റെ കളിയെയോ ജീവിതത്തയോ ബാധിക്കില്ലെന്ന് താരം വ്യക്തമാക്കുന്നു. "നന്നായി ചെയ്തിട്ടുണ്ട്, ഇനി കിട്ടിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല. എന്റെ ഭാഗം നന്നായി ചെയ്തു," മുഹമ്മദ് അസ്ഹറുദീൻ ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Advertisment

"ഇനി ഒന്നും എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല. അത് പോസിറ്റീവാണെങ്കിലും നെഗറ്റീവാണെങ്കിലും എന്റെ കളിയെയും ജീവിതത്തെയും ബാധിക്കാൻ പാടില്ലെന്നാണ് കരുതുന്നത്. കേരള ടീമിനുവേണ്ടി പരമാവധി ചെയ്യുകയാണ് ലക്ഷ്യം. തുടക്കം മുതൽ അതിനാണ് ശ്രമിക്കുന്നതും. നമ്മൾ എന്നതിലുപരി ആദ്യ പരിഗണന കേരള ടീമിനാണ്, അത് കഴിഞ്ഞേയുള്ളൂ ഏതൊരു കളിക്കാരനും വ്യക്തിഗത പ്രകടനം," അസ്ഹറുദീൻ വ്യക്തമാക്കി. വിരാട് കോഹ്‌ലിക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുകയെന്നത് തന്റെ വലിയ സ്വപ്നമാണെന്നും അസ്ഹറുദീൻ പറഞ്ഞു.

സമ്മർദമല്ല, ആ സെഞ്ചുറി ആത്മവിശ്വാസം കൂട്ടി

"സമ്മർദം എപ്പോഴുമുണ്ട്, കണ്ടത്തിൽ കളിക്കുമ്പോഴുമുണ്ട്. എന്നാൽ ആ സെഞ്ചുറി കൂടുതൽ ആത്മവിശ്വാസമാണ് നൽകിയത്." ആ ഇന്നിങ്സ് തന്റെ ഉത്തരവാദിത്തം കൂട്ടി. മുന്നോട്ടുള്ള ലക്ഷ്യങ്ങളിലേക്ക് അത് എന്നുമൊരു ആത്മവിശ്വാസമാണ്,'' അസ്ഹറുദീൻ കൂട്ടിച്ചേർത്തു.

"അത്തരത്തിൽ ഫിനിഷ് ചെയ്തു കഴിയുമ്പോൾ നമുക്ക് തന്നെ അറിയാം നമ്മളെക്കൊണ്ട് അത്രയും സാധിക്കുമെന്ന്. അതിനു ശേഷം ബാറ്റ് ചെയ്യുമ്പോൾ എന്റെ ശരീര ഭാഷയിൽ ആ ആത്മവിശ്വാസം വ്യക്തമായിരുന്നു. പരിശീലകരായാലും കൂടുതൽ ശ്രദ്ധിക്കണമെന്നാണ് പറയുന്നത്. നന്നായി ചെയ്യുന്നുണ്ടെന്ന് കരുതി നിസാരമായി കാണാൻ പറ്റില്ല, അത് അമിത ആത്മവിശ്വാസമായി തോന്നും. അതുകൊണ്ട് തന്നെ ബാറ്റിങ് ആസ്വദിക്കണം, ടീമിനെ ജയിപ്പിക്കണം എന്നതൊക്കെയായിരുന്നു മനസിൽ."

Advertisment

ഒറ്റ ഇന്നിങ്സ് കൊണ്ട് ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ പ്രധാന ചർച്ച വിഷയമായി അസ്ഹറുദീൻ മാറിയിരുന്നു. ഓപ്പണറായി ഇറങ്ങിയ അസ്ഹറുദ്ദീൻ 54 പന്തിൽ ഒൻപത് ഫോറും 11 സിക്‌സും സഹിതം 137 റൺസുമായി പുറത്താകാതെ നിന്നപ്പോൾ മുംബൈക്കെതിരെ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് കേരളം സ്വന്തമാക്കിയത്. പിന്നാലെ വിരേന്ദർ സെവാഗ് ഉൾപ്പടെയുള്ള താരങ്ങളും അസ്ഹറുദീനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

"തീർച്ചയായും സന്തോഷമുള്ള കാര്യമാണ്. ഞാനൊക്കെ ഏറെ ആരാധിക്കുന്ന വ്യക്തിയാണ് വീരു ഭാജി (വfരേന്ദർ സെവാഗ്). അങ്ങനെയുള്ളവർ എന്റെ ബാറ്റിങ്ങിനെക്കുറിച്ച് നല്ലത് പറയുകയെന്നത് തീർച്ചയായും സന്തോഷമുള്ള കാര്യമാണ്."

പൂർണമായും സംതൃപ്തനല്ല

എന്നാൽ ടൂർണമെന്റിലെ തന്റെ പ്രകടനത്തിൽ പൂർണമായും സംതൃപ്തനല്ല അസ്ഹറുദീൻ. "കൂടുതൽ മികച്ചതായി ചെയ്യാമായിരുന്നു. രണ്ട് മൂന്ന് ഇന്നിങ്സുകളിൽ സ്റ്റാർട്ട് കിട്ടിയിട്ടും പെട്ടന്ന് ഔട്ടായി പോയി. അതൊക്കെ എനിക്ക് കൺവേർട്ട് ചെയ്യാമായിരുന്നു. അത് ടീമിനും ഗുണം ചെയ്തേനെ. ഞാൻ നല്ല രീതിയിൽ ബാറ്റ് ചെയ്ത് ഫിനിഷ് ചെയ്താൽ ടീമിന്റെ റൺറേറ്റിലൊക്കെ അത് ഗുണം ചെയ്യും," അസ്ഹറുദീൻ പറഞ്ഞു.

publive-image

ലോക്ക്ഡൗണിൽ വ്യക്തമാക്കിയെടുത്ത സ്വപ്നങ്ങൾ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ സെഞ്ചുറി പ്രകടനത്തിന് പിന്നാലെ ശ്രദ്ധ നേടിയ മറ്റൊരു കാര്യമുണ്ട്, അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളുടെ പട്ടിക. “ഐപിഎൽ, രഞ്ജിയിൽ നാല് സെഞ്ചുറി, സ്വന്തമായി വീട്, ബെൻസ് കാർ, 2023 ലോകകപ്പ്,” ഇരുപത്താറുകാരനായ അസഹ്റുദീൻ തന്റെ വീട്ടിലെ ബോർഡിൽ കുറിച്ചിട്ടിരിക്കുന്ന ലക്ഷ്യങ്ങളുടെ പട്ടികയാണിത്.

നേരത്തെ മറ്റൊരിടത്ത് ചുമ്മാ കുറിച്ചിട്ടിരുന്ന ലക്ഷ്യങ്ങൾ ലോക്ക്ഡൗണിന്റെ തുടക്ക സമയത്താണ് ഇത്തരത്തിൽ മാറ്റിയെഴുതിയതെന്ന് അസഹ്റുദീൻ പറഞ്ഞു. "മാർച്ച് 24നാണ് ലോക്ക്ഡൗൺ തുടങ്ങുന്നത്. കുറെ നാളുകൾക്ക് ശേഷമാണ് അങ്ങനെ വീട്ടിലിരിക്കാൻ പറ്റിയത്. നാല് അഞ്ച് ദിവസം വീട്ടിലിരുന്നപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. അങ്ങനെയാണ് നേരത്തെ എഴുതിയിരുന്ന പേപ്പർ മാറ്റി, എന്താണ് വേണ്ടതെന്ന് ലളിതമായി എഴുതിവച്ചത്. കുറേക്കൊല്ലമായിട്ടുള്ള ആഗ്രഹങ്ങളാണ് എല്ലാം. അതും ആളുകൾ കണ്ടതു കൂടുതൽ ആത്മവിശ്വാസം നൽകും."

ബൂസ്റ്റിങ് സീനിയേഴ്സ്

റോബിൻ ഉത്തപ്പയും ശ്രീശാന്തും അടക്കമുള്ള താരങ്ങളുമായുള്ള ഇടപ്പെടൽ ഏറെ ഗുണം ചെയ്യാറുണ്ടെന്ന് അസ്ഹറുദീൻ പറയുന്നു. "അവരുമായി കളിക്കുന്നത് വലിയ അനുഭവമാണ്. അത് പറഞ്ഞ് മനസിലാക്കാൻ സാധിക്കില്ല. റോബി ഭായിയും (റോബിൻ ഉത്തപ്പ) ശ്രീഭായിയുമൊക്കെ (ശ്രീശാന്ത്) നമ്മൾ ബാറ്റ് ചെയ്തോണ്ടിരിക്കുമ്പോൾ തന്നെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരും. നമ്മളെ നന്നായി ബൂസ്റ്റ് ചെയ്യും. പിന്നെ കൂടുതലും കണ്ടു പഠിക്കാനും സാധിക്കുന്നുണ്ട്."

publive-image

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗംഭീര തുടക്കം ലഭിച്ചെങ്കിലും ക്വാർട്ടറിന് യോഗ്യത നേടുന്നതിന് കേരള ടീമിന് സാധിച്ചിരുന്നില്ല. എന്നാൽ വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുക്കാമെന്നാണ് അസഹ്റുദീൻ പ്രതീക്ഷിക്കുന്നത്.

ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെട്ട പേര്

ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയും സയ്യിദ് മുഷ്‌താഖ് അലി ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുമാണ് അസ്ഹറുദീൻ സ്വന്തം പേരിൽ കുറിച്ചത്. സയ്യിദ് മുഷ്‌താഖ് അലി ട്വന്റി 20 യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോർ, സയ്ദ് മുഷ്‌താഖ് അലി ട്രോഫിയിൽ ഒരു കേരള താരത്തിന്റെ ആദ്യ സെഞ്ചുറി, സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ ഒരു ഇന്നിങ്സിൽ ഏറ്റവുമധികം സിക്‌സറുകൾ നേടുന്ന താരം എന്നീ റെക്കോർഡുകളെല്ലാം അസഹ്റുദീന്റെ പേരിൽ കുറിക്കപ്പെട്ടു.

publive-image

കാസർഗോഡ് തളങ്ങര സ്വദേശിയായ അസഹ്റുദീൻ 2015ലാണ് രഞ്ജിയിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. അതേവർഷം വിജയ് ഹസാരെ ട്രോഫിയിലും 2016ൽ സയ്ദ് മുഷ്തഖ് അലി ട്രോഫിക്കുള്ള കേരള ടീമിലും അസ്ഹറൂദീൻ ഇടംപിടിച്ചിരുന്നു. ടി20യിൽ 19 ഇന്നിങ്സുകളിൽ നിന്ന് 404 റൺസാണ് താരത്തിന്റെ സമ്പാദ്യം.

Interview Kerala Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: