സയ്ദ് മുഷ്തഖ് അലി ട്രോഫിയിൽ കരുത്തരായ മുംബൈക്കെതിരായ സെഞ്ചുറി പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്ത് ചർച്ചയായ വ്യക്തിയാണ് മലയാളി താരം മുഹമ്മദ് അസ്ഹറുദീൻ. ഓപ്പണറായി ഇറങ്ങിയ അസ്ഹറുദ്ദീൻ 54 പന്തിൽ ഒൻപത് ഫോറും 11 സിക്സും സഹിതം 137 റൺസുമായി പുറത്താകാതെ നിന്നപ്പോൾ മുംബൈക്കെതിരെ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് കേരളം സ്വന്തമാക്കിയത്. പിന്നാലെ വിരേന്ദർ സെവാഗ് ഉൾപ്പടെയുള്ള താരങ്ങളും അസ്ഹറുദീനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പക്ഷെ ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായികൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളുടെ പട്ടികയാണ്.
“ഐപിഎൽ, സ്വന്തമായി വീട്, ബെൻസ്, 2023 ലോകകപ്പ്” ഇരുപത്താറുകാരനായ അസഹ്റുദീൻ തന്റെ വീട്ടിലെ ബോർഡിൽ കുറിച്ചിട്ടിരിക്കുന്ന ലക്ഷ്യങ്ങളുടെ പട്ടികയാണിത്.
Also Read: ഇതാണ് അരങ്ങേറ്റം; ഓസ്ട്രേലിയയിൽ ചരിത്രമെഴുതി നടരാജൻ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരുന്ന പതിപ്പിൽ അസഹ്റുദീന് വലിയ പ്രതീക്ഷയും സാധ്യതയുമാണുള്ളത്. അത് സാധ്യമാക്കണമെന്ന് തന്നെയാണ് താരത്തിന്റെ ആഗ്രഹം. ഒപ്പം 2023ൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യൻ ടീമിനായി കളിക്കണമെന്നും ഈ കാസർഗോട്ടുകാരൻ സ്വപ്നം കാണുന്നു. സ്വന്തമായി ഒരു വീടെന്ന് സ്വപ്നവും പൂർത്തിയാക്കണം. ഇഷ്ടവാഹനമായ ബെൻസും താരത്തിന്റെ മുന്നിലുള്ള ലക്ഷ്യമാണ്.
ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയും സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുമാണ് അസ്ഹറുദ്ദീൻ സ്വന്തം പേരിൽ കുറിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു കേരള താരത്തിന്റെ ആദ്യ സെഞ്ചുറി, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു ഇന്നിങ്സിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന താരം എന്നീ റെക്കോർഡുകളെല്ലാം അസഹ്റുദ്ദീന്റെ പേരിൽ കുറിക്കപ്പെട്ടു.
Also Read: ഞെട്ടിച്ച് അസ്ഹറുദ്ദീൻ; ഐപിഎൽ ലേലത്തിലേക്ക്
അസ്ഹറുദ്ദീന് ഒരു റണ്ണിന് 1000 രൂപവച്ച് 1,37,000 രൂപ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 20 പന്തിൽനിന്ന് അർധസെഞ്ചുറി പിന്നിട്ട അസ്ഹറുദ്ദീൻ, 37 പന്തിൽനിന്നാണ് 100 കടന്നത്.