ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വിജയം നേടുന്നതിൽ നിർണായക പങ്ക് വഹിച്ച താരങ്ങളിലൊരാളായ മുഹമ്മദ് സിറാജ് നാട്ടിൽ തിരിച്ചെത്തിയതിന് പിറകെ പിതാവിന്റെ ഖബറിടം സന്ദർശിച്ചു. ഹൈദരാബാദ് സ്വദേശിയാണ് സിറാജ്. നവംബർ 20 നാണ് സിറാജിന്റെ പിതാവ് മരിച്ചത്. പര്യടനത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിലായിരുന്ന സിറാജിന് കോവിഡ് പ്രോട്ടോക്കോൾ പ്രശ്നങ്ങൾ കാരണം അന്ന് നാട്ടിലേക്ക് മടങ്ങാനും പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും സാധിച്ചിരുന്നില്ല.
തന്റെ ആദ്യ ടെസ്റ്റ് പരമ്പര കളിച്ച സിറാജ് നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ കളിച്ച മൂന്ന് ടെസ്റ്റുകളിൽ നിന്ന് 13 വിക്കറ്റുകൾ നേടി. ഇന്ത്യ ഓസീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയ ഗബ്ബ ടെസ്റ്റിന്റെ നാലാം ദിവസം മാത്രം അഞ്ച് വിക്കറ്റാണ് സിറാജ് നേടിയത്.
Read More: വംശിയാധിക്ഷേപം: മത്സരം തുടരാൻ കാരണം രഹാനെയുടെ ഉറച്ച തീരുമാനമെന്ന് സിറാജ്
താൻ ദുഷ്കരമായ അവസ്ഥയിലൂടെയായിരുന്നു കടന്നു പോയതെന്നും പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും അത് നിറവേറിയെന്നും സിറാജ് പറഞ്ഞു. “ഇത് ഒരു ദുഷ്‌കരമായ അവസ്ഥയായിരുന്നു, പിതാവിന്റെ മരണം. മാതാവിനോട് സംസാരിച്ചതിന് ശേഷം എനിക്ക് ശക്തി ലഭിച്ചു, എന്റെ ശ്രദ്ധ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കുക എന്നതായിരുന്നു. അവരുടെ പിന്തുണയോടെ ഞാൻ മാനസികമായി ശക്തനായി. പിതാവിന്റെ ആഗ്രഹം എന്തായാലും ഞാൻ അത് നിറവേറ്റണമെന്ന് എനിക്ക് തോന്നി. അത് നിറവേറി,” സിറാജ് പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് ദേശീയഗാനം ആലപിക്കുമ്പോൾ 26 കാരനായതാരം വികാരാധീനനായിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിൽ, ഇരു ടീമുകളും അവരുടെ ദേശീയഗാനങ്ങൾക്കായി അണിനിരന്നപ്പോൾ സിറാജ് മുഖത്ത് നിന്ന് കണ്ണുനീർ തുടയ്ക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ടായിരുന്നു.
Read More: ടെസ്റ്റ് ക്യാപ്റ്റൻസി: കോഹ്‌ലിക്ക് ഭീഷണിയായി രഹാനെ, സാധ്യതകൾ ഇങ്ങനെ
സിഡിനി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആ മത്സരത്തിനിടെ സിറാജും ജസ്പ്രീത് ബുംറയും വംശീയ അധിക്ഷേപം നേരിടുകയും ചെയ്തിരുന്നു. ഈ അവസരത്തിൽ ഉറച്ച നിലപാട് സ്വീകരിച്ച സിറാജ് ഉടൻ തന്നെ വംശീയ അധിക്ഷേപത്തെക്കുറിച്ച് അധികൃതരെ വിവരമറിയിക്കുകയും തുടർന്ന് ആറ് കാണികളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.