ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് അമേരിക്ക വിസ നിഷേധിച്ചു. താരത്തിനെതിരായ പൊലീസ് കേസുകളാണ് വിസ നിഷേധിക്കുന്നതിന് കാരണമായത്. മുഹമ്മദ് ഷമിക്കെതിരെ ലൈംഗിക അതിക്രമത്തിനും സ്ത്രീധനം ആവശ്യപ്പെട്ട് അക്രമിച്ചതിനും ഭാര്യ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ബിസിസിഐ ഇടപെടലിനെ തുടർന്ന് അമേരിക്കൻ എംബസി ഷമിക്ക് വിസ അനുവദിച്ചതായി ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

Also Read: നാണമില്ലേ ഷമി?; സെമിഫൈനലിന് മുമ്പ് ഇന്ത്യൻ താരത്തിനെതിരെ സോഷ്യൽ മീഡിയ

ഇന്ത്യൻ താരത്തിന് വേണ്ടി ബിസിസിഐ സിഇഒ രാഹുൽ ജോഹ്രി യുസ് എംബസിയിലേക്ക് കത്തയയ്ക്കുകയായിരുന്നു. രാജ്യത്തിന് വേണ്ടി താരം സ്വന്തമാക്കിയിട്ടുള്ള നേട്ടങ്ങളെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു സിഇഒ കത്തയച്ചത്. ഷമിയുടെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പൊലീസ് രേഖകളും എംബസിയിൽ ഹാജരാക്കിയതിന് ശേഷമാണ് താരത്തിന് വിസ അനുവദിച്ചത്.

Also Read: ‘നീയെന്താ അവിടെ കിടന്നുറങ്ങുകയാണോ?’; ‘മടിയന്‍ ഷമി’യോട് കോഹ്‌ലി ചൂടായതോ?

ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ മർദിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും ഭാര്യ ഹസിന്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഷമിയുടെ കുടുംബത്തിനെതിരേയും ഹസിന്‍ ആരോപണം ഉന്നയിച്ചിരുന്നു. സമീപ കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച സംഭവമായിരുന്നു ഷമിക്കെതിരായ കേസ്. താരത്തിന്റെ കരിയര്‍ തന്നെ അവസാനിച്ചെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഷമിക്കെതിരെ വാതുവയ്പ് ആരോപണവും ഹസിന്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് ബിസിസിഐ അന്വേഷിക്കുകയും താരത്തിന് ക്ലിന്‍ ചിറ്റ് നല്‍കുകയുമായിരുന്നു.

Also Read: ‘ഷമിക്ക് നാണമില്ല, ടിക് ടോക്കില്‍ കൂടുതലും പിന്തുടരുന്നത് യുവതികളെ’; ആക്ഷേപവുമായി ഹസിന്‍ ജഹാന്‍

ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി അപ്രതീക്ഷിത പ്രകടനം കാഴ്ചവച്ച താരമാണ് ഷമി. ലോകകപ്പിലെ ഹാട്രിക് ഷമി സ്വന്തമാക്കിയിരുന്നു. ലോകകപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമയും ഷമി മാറി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook