ടി10 ലീഗിന്റെ രണ്ടാം സീസണ് വെടിക്കെട്ട് ബാറ്റിങ്ങോടെ തുടക്കം. യുഎഇയിൽ തുടങ്ങിയ ലീഗിൽ രാജ്പുതും സിന്ദീസും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു ബാറ്റിങ് പൂരം. അഫ്ഗാൻ താരം മുഹമ്മദ് ഷഹ്സാദ് 16 ബോളിൽനിന്നും അടിച്ചുകൂട്ടിയത് 74 റൺസ്. ടി10 ലീഗ് ചരിത്രത്തിലെ തന്നെ റെക്കോർഡാണ് ഷഹ്സാദ് കുറിച്ചത്. 10 ഓവർ ക്രിക്കറ്റിൽ അതിവേഗം അർധ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടത്തിനണ് ഷഹ്സാദ് അർഹനായത്.

എട്ടു സിക്സും ആറും ഫോറും അടങ്ങുന്നതായിരുന്നു ഷഹ്സാദിന്റെ ഇന്നിങ്സ്. ഷാർജയിൽ നടന്ന മത്സരത്തിൽ 6 ഓവർ കൊണ്ട് തന്റെ ടീമായ രാജ്പുതിന് 10 വിക്കറ്റിന്റെ ജയമാണ് ഷഹ്സാദ് നേടിക്കൊടുത്തത്. 95 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജ്പുതിനെ ഷഹ്സാദ് ഒറ്റയ്ക്കാണ് വിജയത്തിലേക്ക് എത്തിച്ചത്.

ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലത്തിനൊപ്പമാണ് അഫ്ഗാൻ വിക്കറ്റ് കീപ്പർ താരമായ ഷഹ്സാദ് ഓപ്പണറായി ഇറങ്ങിയത്. കളിയുടെ തുടക്കത്തിൽ തന്നെ ഷഹാസാദ് ആക്രമിച്ചു കളിച്ചു. ഒരു ഓവർ എറിഞ്ഞ മുഹമ്മദ് നവാസ്, ജോഫ്റ ആർച്ചർ, തിസാര പെരേര, ഫവാദ് അഹമ്മദ് തുടങ്ങിയ ബോളർമാരെയെല്ലാം തലങ്ങും വിലങ്ങും പായിച്ചു. ഓരോരുത്തരും എറിഞ്ഞ ഓരോ ഓവറിലും 20 ലധികം റൺസാണ് വീണത്. ഷഹാസാദിന് മികച്ച കൂട്ടുകെട്ട് നൽകിയ മക്കല്ലം 21 റൺസെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook