ദുബായ്: ട്വന്റി 20 ലോകകപ്പില്‍ പോരാട്ട വീര്യത്തിന്റെ മറുവാക്കായി മാറിയിരിക്കുകയാണ് പാക്കിസ്ഥാന് താരങ്ങള്‍. ആദ്യം നായകന് ബാബര്‍ അസമായിരുന്നു. അമ്മ ഐസിയുവില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു ബാബര്‍ ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ തിളങ്ങിയത്. ഇപ്പോഴിതാ മുഹമ്മദ് റിസ്വാനും.
ഓസ്ട്രേലിയക്കെതിരായ സെമി ഫൈനലിന് മുന്‍പുള്ള രാത്രിയില്‍ മുഹമ്മദ് റിസ്വാന് ഐസിയു കിടക്കയിലായിരുന്നു. നെഞ്ചില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞതിന് ശേഷമാണ് താരം സെമി ഫൈനല്‍ കളിക്കാനെത്തിയത്.
“വളരെ പെട്ടെന്ന് തന്നെ ആരോഗ്യം വീണ്ടെടുക്കാന്‍ റിസ്വാന് സാധിച്ചു. രാജ്യത്തിന് വേണ്ടി കളിക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യമാണ് നമുക്ക് ഇതില്‍ നിന്നും കാണാന്‍ കഴിയുന്നത്. എത്ര മനോഹരമായാണ് അദ്ദേഹം കളിച്ചതെന്ന് നോക്കൂ,” പാക്കിസ്ഥാന് ടീം ഡോക്ടര്‍ നജീബുള്ള സൂംറൊ ക്രിക്കറ്റ് ഡോട് കോടെ ഡോട് എയുനോട് വ്യക്തമാക്കി.
ഓസ്ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് റിസ്വാന്റെ മികവിലാണ് 176 എന്ന സ്കോര്‍ ഉയര്‍ത്തിയത്. 52 പന്തില്‍ നിന്നാണ് താരം 67 റണ്‍സ് നേടിയത്. മൂന്ന് ഫോറും നാല് പടുകൂറ്റന്‍ സിക്സറുകളും ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു. ട്വന്റി 20യില്‍ ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് നേടുന്ന ആദ്യ താരമാകാനും റിസ്വാനായി.