/indian-express-malayalam/media/media_files/uploads/2017/12/kaif-ss-horz.jpg)
ഇൻഡോർ: നായകൻ രോഹിത് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി 20യിൽ ഏറ്റവും ആകർഷണീയമായത്. 35 ബോളിൽനിന്നായിരുന്നു രോഹിത്തിന്റെ സെഞ്ചുറി നേട്ടം. ലങ്കൻ ബോളർമാരെ സിക്സറുകളും ഫോറുകളും പറത്തിയാണ് രോഹിത് വെളളം കുടിപ്പിച്ചത്. 12 ഫോറുകളും 10 സിക്സുകളും അടങ്ങിയതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. 2017 ൽ ടിട്വന്റിയിലെ രോഹിത്തിന്റെ സിക്സറുകളുടെ എണ്ണം ഇതോടെ 64 ആയി ഉയർന്നു.
ഏവരേയും അത്ഭുതപ്പെടുത്തിയ ഈ പ്രകടനം മണിക്കൂറുകള്‍ക്ക് മുമ്പ് ഒരാള്‍ പ്രവചിച്ചിരുന്നു. മറ്റാരുമല്ല, ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ്. കെഎല്‍ രാഹുലും രോഹിതും ഇന്ത്യയ്ക്കായി ഓപ്പണിംഗിനായി ഇറങ്ങിയ സമയത്ത് തന്റെ ഒരു സുഹൃത്തിന് അയച്ച സന്ദേശത്തിലാണ് കൈഫ് പ്രവചനം നടത്തിയത്.
ഇതിന്റ വാട്ട്സ്ആപ് സ്ക്രീന്‍ഷോട്ട് താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. 7.21നാണ് കൈഫ് സന്ദേശം അയച്ചിരിക്കുന്നത്. ഈ ദിവസത്തെ നോസ്ട്രഡാമസ് ആയത് പോലെ തോന്നുന്നുവെന്ന് പറഞ്ഞാണ് കൈഫ് സന്ദേശം ട്വീറ്റ് ചെയ്തിരിക്കുന്നത്.
Sent this to a friend today at 721 pm around the 4th over. Waah ,feel like nostradamus of the day. Rohit Sharma, what an innings, what a week for him .Amazing pic.twitter.com/R9ss6PIzTG
— Mohammad Kaif (@MohammadKaif) December 22, 2017
ഇന്‍ഡോറിലെ അതിവേഗ സെഞ്ചുറി നേട്ടത്തോടെ ചില റെക്കോർഡുകളും രോഹിത് കൈപ്പിടിയിലൊതുക്കിയിരുന്നു. അതിവേഗ ട്വന്റി20 സെഞ്ചുറി നേടിയ ഡേവിഡ് മില്ലറുടെ റെക്കോർഡിനൊപ്പം രോഹിതും എത്തി. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി ട്വന്റി സിക്സറുകൾ നേടിയ താരമെന്ന എബി ഡിവില്ലിയേഴ്സിന്റെ റെക്കോർഡ് രോഹിത് മറികടന്നു.
തിസാര പെരേരയാണ് രോഹിത്തിന്റെ ആക്രമണത്തിൽ ശരിക്കും വിയർത്തത്. തിസാരയുടെ ഒരു ഓവറിൽ 4 സിക്സറുകൾ പറത്തിയാണ് രോഹിത് അതിവേഗ സെഞ്ചുറിയിലേക്ക് എത്തിയത്. തിസാരയുടെ പന്തുകളെ തുടരതുടരെ രോഹിത് ബൗണ്ടറി ലൈൻ കടത്തി.
മൽസരത്തിൽ 89 റൺസിനായിരുന്നു ഇന്ത്യൻ ജയം. 17.2 ഓവറിൽ 170 റൺസിന് എല്ലാ ലങ്കൻ ബാറ്റ്സ്മാന്മാരെയും ഇന്ത്യ പുറത്താക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 261 റൺസിന്റെ വിജയലക്ഷ്യമാണ് ലങ്കയ്ക്ക് മുന്നിൽ വച്ചത്. രോഹിത് ശർമ്മ 48 പന്തിൽ നിന്ന് നേടിയ 118 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കൻ നിരയിൽ കുസാൽ പെരേര 37 പന്തിൽ 77 റൺസെടുത്തു. ഉപുൽ തരംഗ 29 പന്തിൽ 47 ഉം നിരോഷൻ ഡിക്‌വാല 19 പന്തിൽ 25 ഉം റൺസെടുത്തു. ശേഷിച്ച ആറ് ബാറ്റ്സ്മാന്മാരും രണ്ടക്കം കാണാതെ പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും യുസ്‌വേന്ദ്ര ചാഹൽ 52 റൺസ് വഴങ്ങി. കുൽദീപ് യാദവും നാലോവറിൽ 52 റൺസ് വഴങ്ങി. മൂന്ന് വിക്കറ്റാണ് യാദവിന്റെ നേട്ടം. 17 റൺസെടുക്കുന്നതിനിടെയാണ് ലങ്കയുടെ അവസാന ഏഴ് വിക്കറ്റുകൾ വീണത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.