ക്രിക്കറ്റ് ആരാധകനോട് പറഞ്ഞ ചില വാക്കുകളാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ വിവാദത്തിലാക്കിയത്. ഇന്ത്യൻ ടീമിനെ ഇഷ്ടമല്ലെങ്കിൽ രാജ്യം വിട്ടു പോകൂവെന്ന കോഹ്‌ലിയുടെ വാക്കുകളാണ് ക്രിക്കറ്റ് ലോകത്ത് വിവാദത്തിരി തെളിച്ചത്. സോഷ്യൽ മീഡിയയിൽ കോഹ്‌ലിയെ പിന്തുണച്ചും വിമർശിച്ചും പോസ്റ്റുകൾ നിറയുന്നുണ്ട്.

തന്റെ വാക്കുകൾ വിവാദമായതോടെ മറുപടിയുമായി കോഹ്‌ലി രംഗത്തുവന്നു. തന്നെ ട്രോളുകൾ കൊണ്ട് തകർക്കാനാകില്ലെന്നും ട്രോളുകൾ ശീലമായെന്നും ഇനിയും അത് തുടരുമെന്നായിരുന്നു കോഹ്‌ലി ട്വീറ്റ് ചെയ്തത്. കോഹ്‌ലിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫും എത്തിയിട്ടുണ്ട്. കോഹ്‌ലിയെ മാത്രം ലക്ഷ്യം വച്ചുളള ആ ആക്രമണം നീതിക്ക് നിരക്കാത്തതാണെന്നാണ് കൈഫിന്റെ അഭിപ്രായം.

”കോഹ്‌ലിയുടെ വാക്കുകൾ പ്രത്യേക അജണ്ടയുളള ചിലർ അവർക്ക് തോന്നുംവിധം വളച്ചൊടിച്ച് അദ്ദേഹത്തെ ആക്രമിക്കുകയാണ്. ഇത് നീതിക്ക് നിരക്കാത്തതാണ്. ലോകത്തിൽതന്നെ ആദരിക്കപ്പെടുന്ന കായിക താരമാണ് കോഹ്‌ലി. കോഹ്‌ലിയുടെ മറുപടി ഒരു പ്രത്യേക സന്ദർഭത്തിലാണ്. പക്ഷേ മറ്റു ചിലർ ഇത് വളച്ചൊടിച്ച് കോഹ്‌ലിയെ ലക്ഷ്യം വയ്ക്കുകയാണ്,” കൈഫ് ട്വീറ്റ് ചെയ്തു.

വിദേശ താരങ്ങളെയാണ് കൂടുതല്‍ ഇഷ്ടമെന്ന് പറഞ്ഞ ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ചെന്നു ചാടിയത് വലിയ വിവാദത്തിലാണ്. ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ താരമായി മാറിയതോടെ വിരാടിന് അഹങ്കാരവും ഈഗോയും തലയ്ക്ക് പിടിച്ചിരിക്കുകയാണ്, അതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നാണ് വിമര്‍ശനം. എന്നാല്‍ വിരാടിനെ ന്യായീകരിച്ചും ചിലര്‍ രംഗത്തെത്തുന്നുണ്ട്. താന്‍ ഓവര്‍ റേറ്റഡ് ആണെന്ന് പറഞ്ഞ ആരാധകന് നല്‍കിയ മറുപടി വികാരഭരിതമായി പോയതാണെന്നാണ് ചിലര്‍ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook