മുംബൈ: സയ്യിദ് മുഷ്താഖ് അലി ടി 20 ട്രോഫിയിൽ അതിശയിപ്പിക്കുന്ന പ്രകടനമാണ് കേരള താരം മുഹമ്മദ് അസ്ഹറുദ്ദീൻ നടത്തിയത്. കരുത്തരായ മുംബൈയ്ക്കെതിരായ മത്സരത്തിൽ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം കേരളം സ്വന്തമാക്കിയപ്പോൾ എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും മനസ് കവർന്നത് കാസർഗോഡുകാരൻ അസ്ഹറുദ്ദീൻ ആണ്.
ഓപ്പണറായി ഇറങ്ങിയ അസ്ഹറുദ്ദീൻ 54 പന്തിൽ ഒൻപത് ഫോറും 11 സിക്സും സഹിതം 137 റൺസുമായി പുറത്താകാതെ നിന്നു. മുംബൈ ഉയർത്തിയ വമ്പൻ വിജയലക്ഷ്യത്തെ വളരെ കൂളായി നിഷ്പ്രഭമാക്കുകയായിരുന്നു കേരളം. അതിൽ മുഖ്യപങ്ക് വഹിച്ചത് അസ്ഹറുദ്ദീൻ തന്നെ. ക്രീസിലെത്തിയ സമയം മുതൽ മുംബൈയെ പ്രഹരിക്കുകയായിരുന്നു താരം. വെറും 37 പന്തിൽ നിന്നാണ് അസ്ഹറുദ്ദീൻ സെഞ്ചുറി നേടിയത്.
Also Read: സിനിമയല്ല ക്രിക്കറ്റ്; അമിതാഭ് ബച്ചന്റെ ട്വീറ്റിനെതിരെ വിമർശനവുമായി ആരാധകർ
ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയും സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുമാണ് അസ്ഹറുദ്ദീൻ ഇന്നലെ സ്വന്തം പേരിൽ കുറിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു കേരള താരത്തിന്റെ ആദ്യ സെഞ്ചുറി, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു ഇന്നിങ്സിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന താരം എന്നീ റെക്കോർഡുകളെല്ലാം അസഹ്റുദ്ദീന്റെ പേരിൽ കുറിക്കപ്പെട്ടു.
Read Also: മുട്ടിക്കളിച്ച് ക്രിക്കറ്റിനെ കൊന്നു; വിഹാരിയെ പരിഹസിച്ച് മന്ത്രി, കിടിലൻ മറുപടി നൽകി താരം
അസ്ഹറുദ്ദീന് ഒരു റണ്ണിന് 1000 രൂപവച്ച് 1,37,000 രൂപ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പാരിതോഷികം പ്രഖ്യാപിച്ചു. 20 പന്തിൽനിന്ന് അർധസെഞ്ചുറി പിന്നിട്ട അസ്ഹറുദ്ദീൻ, 37 പന്തിൽനിന്നാണ് 100 കടന്നത്.
സെഞ്ചുറി നേടിയതിനേക്കാൾ സന്തോഷം വമ്പൻമാരായ മുംബൈയെ തോൽപ്പിക്കാൻ സാധിച്ചതാണെന്ന് അസഹ്റുദ്ദീൻ പറഞ്ഞു. സയ്യിദ് മുഷ്താഖ് അലി ടി 20 യിലെ മികച്ച പ്രകടനം ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് അസ്ഹറുദ്ദീന് വഴിയൊരുക്കും. അടുത്ത സീസണിൽ താരം ഐപിഎൽ ലേലത്തിൽ ഉണ്ടാകാനാണ് സാധ്യത.
അതേസമയം, സയ്യിദ് മുഷ്താഖ് അലി ടി 20 ട്രോഫിയിൽ തുടർച്ചയായ രണ്ടാം ജയമാണ് കേരളം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ കേരളം പുതുച്ചേരിയെ ആറു വിക്കറ്റിന് തോൽപ്പിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 196 റൺസ് നേടി. എന്നാൽ, മറുപടി ബാറ്റിങ്ങിൽ 25 പന്തും എട്ട് വിക്കറ്റും ശേഷിക്കെ കേരളം ഇത് മറികടന്നു. റോബിൻ ഉത്തപ്പ 23 പന്തിൽ നാലു ഫോറുകൾ സഹിതം 33 റൺസെടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസൺ 12 പന്തിൽ നാലു ഫോറുകൾ സഹിതം 21 റൺസെടുത്ത് പുറത്തായി. സച്ചിൻ ബേബി ഏഴു പന്തിൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.