ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലിവർപൂളിനും ആഴ്സണലിനും ജയം, അതേസമയം ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വോൾവ്സിനോട് സമനില വഴങ്ങി.എവർട്ടണും സമനില കുരുക്ക്. ബൌൺമൗത്തിനോടാണ് എവർട്ടൻ സമനില വഴങ്ങിയത്.

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വെസ്റ്റ്ഹാം യുണൈറ്റഡിനെ പീരങ്കിപ്പട പരാജയപ്പെടുത്തിയത്. 25-ാം മിനിറ്റിൽ മാർക്കോ അർണട്ടോവിച്ചിലൂടെ വെസ്റ്റ്ഹാമാണ് മുന്നിലെത്തിയത്. ഗോൾ വഴങ്ങിയതോടെ ആക്രമണത്തിലേക്ക് മാറിയ ആഴ്സണൽ അഞ്ച് മിനിറ്റിൽ ഗോൾ മടക്കി. നാച്ചോ മൊൻറേലാണ് ആഴ്സണലിനായി ഗോൾ നേടിയത്.

സമനില ഗോൾ വഴങ്ങിയതിന് പിന്നാലെ വെസ്റ്റ്ഹാമിനെ സമ്മർദ്ദത്തിലാക്കി ഇസ്സ ദ്യോപ്പിന്റെ ഓൺഗോൾ ആഴ്സണലിന് ലീഡ് സമ്മാനിച്ചു. ലീഡ് നിലനിർത്താൻ ആഴ്സണലും ഗോൾ മടക്കാൻ വെസ്റ്റ്ഹാമും മത്സരിച്ചെങ്കിലും ഫലം കണ്ടത് പീരങ്കിപട മാത്രമായിരുന്നു. കളി അവസാനിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ഡാനി വെൽബെക്കിലൂടെ ആഴ്സണൽ മൂന്നാം ഗോളും നേടി.

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രൈറ്റണിനെതിരെ ലിവർപൂളിന്റെ വിജയം. സൂപ്പർതാരം മുഹമ്മദ് സലായാണ് ലിവർപൂളിനായി വിജയഗോൾ നേടിയത്.വാശിയേറിയ പോരാട്ടമായിരുന്നു എവർട്ടണും ബൌൺമൌത്തും തമ്മിൽ നടന്നത്. രണ്ട് ഗോളുകൾ വീതം നേടിയാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്.

നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിലെ പുതുമുഖങ്ങളായ വോൾവ്സിനോടാണ് സമനില വഴങ്ങിയത്. ഓരോ ഗോളുകൾ വീതം നേടിയാണ് സിറ്റിയും വോൾവ്സും സമനിലയിൽ കളി അവസാനിപ്പിച്ചത്. ഈ വർഷമാണ് വോൾവ്സ് പ്രീമിയർ ലീഗ് കളിക്കാൻ യോഗ്യത നേടിയത്. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ലിവർപൂളാണ് ഇപ്പോള്‍ പോയിന്റ് പട്ടികയിൽ ഒന്നാമത്.

ഫ്രഞ്ച് ലീഗിൽ വമ്പന്മാരായ പാരീസ് സെന്റ് ജർമ്മനും ജയം ആവർത്തിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അഞ്ചേഴ്സിനെ പിഎസ്ജി പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളെല്ലാം ഗോൾ കണ്ടെത്തിയ ദിവസമയിരുന്നു ഇന്നലെ. 12-ാം മിനിറ്റിൽ എഡിസൺ കവാനി അക്കൌണ്ട് തുറന്നു. 51-ാം മിനിറ്റിൽ എംബാപ്പെയും 66-ാം മിനിറ്റിൽ നെയ്മറും പട്ടിക തികക്കുകയായിരുന്നു.തോമസ് മന്ഗാനിയാണ് അഞ്ചേഴ്സിനുവേണ്ടി ആശ്വാസഗോൾ നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook