ലണ്ടന്‍: പൊതുവെ ജെന്റില്‍മാന്‍ ഗെയിം എന്നാണ് ക്രിക്കറ്റിനെ വിളിക്കുന്നത്. എന്നാലത്ര മാന്യന്മാരൊന്നുമല്ല തങ്ങളല്ലെന്ന് പലപ്പോഴും താരങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വര്‍ണവെറിയും വംശീയാധിക്ഷേപവുമെല്ലാം പലപ്പോഴും ക്രിക്കറ്റിന്റെ നിറം കെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ കളിക്കളത്തിലെ ഇസ്ലാമോഫോബിയയും മറ നീക്കി പുറത്ത് വരികയാണ്. അതും ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാരായ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയ്ക്കിടെ നടന്ന സംഭവമാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇംഗ്ലണ്ട് താരം മോയിന്‍ അലിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 2015 ആഷസ് പരമ്പരക്കിടെ ഉണ്ടായ സംഭവമാണ് താരം ഇപ്പോള്‍ തുറന്നു പറഞ്ഞിരുന്നത്.

കാര്‍ഡിഫില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് സംഭവം. മത്സരത്തിനിടെ ഒരു ഓസ്ട്രേലിയന്‍ താരം ”ടേക് ദാറ്റ്, ഒസാമ” എന്ന് തന്നോട് പറഞ്ഞതായാണ് ഇപ്പോള്‍ മോയിന്‍ അലി വെളിപ്പെടുത്തിയിരിക്കുന്നത്. മത്സരത്തില്‍ 77 റണ്‍സും, 5 വിക്കറ്റും നേടി മോയിന്‍ അലി മികച്ച പ്രകടനം നടത്തിയിരുന്നു.

അതേസമയം, ആരാണ് തന്നെ ഒസാമ എന്നു വിളിച്ചതെന്ന് മോയിന്‍ അലി പറയുന്നില്ല. വ്യക്തിപരമായി ഈ പരാമര്‍ശം തന്നെ ഏറെ വിഷമിപ്പിച്ചെന്ന് മോയിന്‍ അലി പറയുന്നുണ്ട്. അലി പറഞ്ഞതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ് ഈ സംഭവം അന്നത്തെ ഓസ്ട്രേലിയന്‍ കോച്ചായ ഡാരന്‍ ലേമാനൊട് ചോദിച്ചിരുന്നു. എന്നാല്‍ ലേമാന്‍ വിശദീകരണം തേടിയപ്പോള്‍ താരം ഇത് നിഷേധിക്കുകയാണ് ചെയ്തതെന്നും അലി പറയുന്നു.

ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് പുതിയ വിവാദം. അലിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook