മെസിയുടെ അഭാവം ബാഴ്‌സലോണയെ ബാധിക്കില്ലെന്ന് ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ച്. മെസി ഇല്ലാതെയും ബാഴ്‌സലോണയ്‌ക്ക് വിജയങ്ങൾ സ്വന്തമാക്കാൻ സാധിക്കുമെന്ന് മോഡ്രിച്ച് പറഞ്ഞു. ക്രിസ്‌റ്റ‌്യാനോ റൊണാൾഡോ ഇല്ലാതെയും റയൽ മഡ്രിഡിനു മുന്നേറാൻ സാധിച്ചിട്ടുണ്ടെന്നും മെസി പോയാൽ ബാഴ്‌സയ്‌ക്ക് പ്രതികൂല സാഹചര്യം ഉണ്ടാകില്ലെന്നും മോഡ്രിച്ച് പറഞ്ഞു.
“മെസിയുടെ അഭാവം ബാഴ്‌സലോണയെ സംബന്ധിച്ച് വലിയ നഷ്‌ടം തന്നെയായിരിക്കും. റയലിന് ക്രിസ്‌റ്റ‌്യാനോയെ നഷ്‌ടപ്പെട്ട അതേ പ്രതീതി. എന്നാൽ, കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല..,ഇത് ഫുട്‌ബോളാണ്. മെസി ബാഴ്‌സ വിട്ടാൽ അത് ലീഗിനു തന്നെ വലിയ നഷ്‌ടമായിരിക്കും. പക്ഷേ, നമുക്ക് മുന്നോട്ട് പോയേ തീരൂ. മറ്റ് കളിക്കാരും താരങ്ങൾ ആകട്ടെ. കൂടുതൽ താരങ്ങൾക്ക് വളരാനായി അവസരം ലഭിക്കട്ടെ,” എഎഫ്‌പിക്ക് മോഡ്രിച്ച് പറഞ്ഞു.
Read Also: മെസിക്ക് മുന്നേ റാക്കിട്ടിച്ച് പടിയിറങ്ങി; ബാഴ്സയിൽ ഉടച്ചുവാർക്കലുകൾക്ക് തുടക്കം
അതേസമയം, ബാഴ്‌സയിൽ നിന്നു പുറത്തുപോകാനുള്ള തീരുമാനത്തിലുറച്ച് നിൽക്കുകയാണ് മെസി. താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ബാഴ്‌സ പരിശീലകൻ റൊണാൾഡ് കൊമാൻ മെസിക്ക് പകരം മാഞ്ചസ്റ്റർ സിറ്റിയിലെ സൂപ്പർ താരത്തെ ആവശ്യപ്പെട്ടതായും ചില സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മെസിക്ക് പകരം ഒരു വച്ചുമാറലാണ് ബാഴ്‌സ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. മെസിക്ക് പകരം എറിക് ഗാർസിയ, ബെർനാർദോ സിൽവ, ഗബ്രിയേൽ ജീസസ് എന്നിവരെ നൽകാനാണ് മാഞ്ചസ്റ്റർ സിറ്റി ആലോചിക്കുന്നത്. എന്നാൽ, മെസിക്ക് പകരം റഹീം സ്റ്റെർലിങ്, കെവിൻ ഡി ബ്രൂണേ എന്നിവരെ കൊമാൻ ആവശ്യപ്പെടുന്നതായി പ്രമുഖ കായിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Read Also: മെസി ബാഴ്സലോണ വിടാനുള്ള അഞ്ച് കാരണങ്ങൾ
റൊണാൾഡ് കൊമാന്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച നടന്ന പരിശീലനത്തിലേക്ക് മെസി എത്താതിരുന്നത് ഏറെ ചർച്ചയായിരുന്നു. പുതിയ സീസണ് മുന്നോടിയായി ബാഴ്‌സ താരങ്ങൾക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ബാഴ്‌സയിലെ കോവിഡ് പിസിആർ ടെസ്റ്റിനു മെസി എത്തിയില്ല. പുതിയ പരിശീലകനായ റൊണാൾഡ് കൊമാന്റെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ പരിശീലനത്തിനായി ബാഴ്‌സ ടീമംഗങ്ങളോടൊപ്പം ചേരില്ലെന്ന തീരുമാനം മാനേജ്‌മെന്റിനെ അറിയിക്കാൻ മെസി ഒരു ദൂതനെ അയച്ചിരുന്നതായി കായിക പത്രമായ ‘ലാ വാൻഗാർഡിയ’ റിപ്പോർട്ട് ചെയ്‌തിരുന്നു. പരിശീലനത്തിനു എത്തില്ലെന്ന വിവരം നിയമപരമായ രേഖകൾ സഹിതമാണ് അറിയിച്ചതെന്നാണ് വിവരം.