കൊൽക്കത്ത: പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് പരമ്പര പുനഃരാരംഭിക്കുന്നത് ഇന്ത്യൻ സർക്കാരിന്റെ അനുമതിക്കു ശേഷമേ നടക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും നിയുക്ത ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഇതേക്കുറിച്ച് തീരുമാനമെടുക്കേണ്ടത് ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദി, ഇമ്രാൻ ഖാൻ എന്നിവരാണെന്നും ഗാംഗുലി പറഞ്ഞു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) തലവൻ കൂടിയാണ് ഇമ്രാൻ.

“ഈ ചോദ്യം നിങ്ങൾ മോദിജിയോടും പാകിസ്ഥാൻ പ്രധാനമന്ത്രിയോടും ചോദിക്കണം,” ചൊവ്വാഴ്ച കൊൽക്കത്തയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഗാംഗുലി പറഞ്ഞു. “തീർച്ചയായും അനുമതി വാങ്ങേണ്ടതുണ്ട്. കാരണം വിദേശ പര്യടനങ്ങൾ സർക്കാരിന്റെ ഇടപെടലോടുകൂടിയാണ് നടക്കുന്നത്. അതുകൊണ്ട് ഈ ചോദ്യത്തിന് ഇപ്പോൾ ഞങ്ങൾക്ക് ഒരു ഉത്തരമില്ല.”

2012ലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അവസാന പരമ്പര നടന്നത്. രണ്ട് ടി20കളും മൂന്ന് ഏകദിനങ്ങളുമുണ്ടായിരുന്ന പരമ്പര ഇന്ത്യയിലാണ് നടന്നത്.

Read More: ‘അവന് എന്താണ് വേണ്ടതെന്ന് അറിയണം’; ധോണിയുടെ വിരമിക്കലിനെ കുറിച്ച് ഗാംഗുലി

ഭീകരത ഉയർന്നുവരുന്ന രാജ്യങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് ലോകകപ്പിന് മുന്നോടിയായി ബിസിസിഐ, ഐസിസിഐക്ക് ഒരു കത്തെഴുതിയിരുന്നു. കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർമാരാണ് കത്തയച്ചത്. ജമ്മു കശ്മീരിലെ പുൽവാമയിൽ 40 ലധികം അർദ്ധസൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ പ്രതികരണമായാണ് ബിസിസിഐയും കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർമാരും ഈ കത്തിനെ ചിത്രീകരിച്ചത്.

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ക്യാപ്റ്റനും ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ മേധാവിയുമായ ഗാംഗുലി ബിസിസിഐ പ്രസിഡന്റാകുമെന്ന വാർത്ത തിങ്കളാഴ്ചയാണ് പുറത്തുവന്നത്.

ഒക്ടോബർ 23 ന് ബിസിസിഐയുടെ അടുത്ത പ്രസിഡന്റായി ചുമതലയേൽക്കുന്ന ഈ നാൽപ്പത്തിയേഴുകാരൻ 2004 ൽ ചരിത്രപരമായ പാകിസ്ഥാൻ പര്യടനത്തിൽ ഇന്ത്യയെ നയിച്ചിരുന്നു. ഇത് 1999 ലെ കാർഗിൽ യുദ്ധത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ പരമ്പരയും 1989 ന് ശേഷം ഇന്ത്യയുടെ ആദ്യ പാകിസ്ഥാൻ സന്ദർശനവുമായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ചൂടേറിയ ചർച്ചയായ “ധോണി എപ്പോൾ വിരമിക്കും” എന്ന ചോദ്യത്തിനും ഗാംഗുലി മറുപടി നൽകിയിരുന്നു. സെലക്ഷൻ കമ്മിറ്റിയുമായും ധോണിയുമായും സംസാരിച്ചതിനു ശേഷമേ ഇതിൽ താൻ അഭിപ്രായം പറയൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

”ഒക്ടോബര്‍ 24 ന് സെലക്ടര്‍മാരെ കാണും. എന്താണ് അവര്‍ ചിന്തിക്കുന്നത് എന്നറിഞ്ഞതിന് ശേഷമായിരിക്കും എന്റെ അഭിപ്രായം പറയുക. എന്താണ് ധോണിയ്ക്ക് വേണ്ടതെന്നും എന്താണ് അവന് വേണ്ടാത്തതെന്നും അവനോട് തന്നെ സംസാരിക്കണം” ഗാംഗുലി വ്യക്തമാക്കി. ‘ഞാന്‍ ഇടപെടാത്ത വിഷയമായതില്‍ വ്യക്തമായൊരു ചിത്രം ഇപ്പോള്‍ നല്‍കാനാകില്ല” ദാദ പറഞ്ഞു.

ഏകദിന ലോകകപ്പിന് പിന്നാലെ ക്രിക്കറ്റില്‍നിന്നു വിട്ടുനില്‍ക്കുകയാണ് എംഎസ് ധോണി. താരം ഉടനെ വിരമിക്കില്‍ പ്രഖ്യാപിക്കുമെന്ന് ലോകകപ്പ് കഴിഞ്ഞ ഉടനെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും താരമോ ബിസിസിഐ അധികൃതരും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook