ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ റാമോസിന്റെ ടാക്കിളില്‍ പരുക്കേറ്റ് പുറത്തായ മുഹമ്മദ് സലാഹ് ലോകകപ്പില്‍ കളിച്ചേക്കുമെന്ന് ഈജിപ്ത് ദേശീയ ടീം. താരത്തിന്റെ പരുക്കിനെ കുറിച്ച് ലിവര്‍പൂള്‍ അധികൃതരുമായി സംസാരിച്ചെന്നും ദേശീയ ടീമിന്റെ ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു.

സലാബിന്റെ തോളെല്ലിനാണ് പരുക്ക് പറ്റിയതെന്നും എന്നാല്‍ പരിശോധനയില്‍ താരത്തിന് ലോകകപ്പിന് മുമ്പ് തന്നെ ഭേദമാകാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും ട്വീറ്റില്‍ പറയുന്നു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായില്ലെങ്കിലും ശുഭാപ്തി വിശ്വാസമുണ്ടെന്നാണ് ലിവര്‍പൂളും ഈജിപ്തും പറയുന്നത്.

റാമോസിന്റെ കൈകള്‍ക്കിടയില്‍ കുരുങ്ങി മുഖമടിച്ച് മൈതാനത്ത് വീണ ലിവര്‍പൂള്‍ താരത്തിന്റെ പരുക്ക് ഗുരുതരമുളളതാണെന്നാണ് വിവരം. സലാഹിന് ലോകകപ്പില്‍ കളിക്കാനാവുന്ന കാര്യം സംശയമാണെന്ന് ലിവര്‍പൂള്‍ കോച്ച് ജോര്‍ഗന്‍ ക്ലോപ്പ് പറഞ്ഞിരുന്നു.

ഈ സീസണില്‍ ലിവര്‍പൂളിന് വേണ്ടി 44 ഗോളുകള്‍ നേടിയ താരം 31-ാം മിനിറ്റിലാണ് പരുക്കേറ്റ് പുറത്തേക്ക് പോയത്. പരുക്കിന് ശേഷം തുടര്‍ന്ന് കളിക്കാന്‍ ശ്രമിച്ചെങ്കിലും വേദന കഠിനമായതോടെ സലാഹ് പുറത്തേക്ക് പോവുകയായിരുന്നു.

”വളരെ ഗുരുതരമായ പരുക്കാണ്,” ക്ലോപ് മാധ്യമങ്ങളോട് പറഞ്ഞു. തോളെല്ലിനോ, കഴുത്തെല്ലിനോ ആകാം പരുക്കേറ്റതെന്നും എന്തായാലും സാരമുളള പരുക്കാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട താരത്തിനെ നഷ്ടമായി’, ക്ലോപ്പ് പറയുന്നു.

റോമയില്‍ നിന്ന് ലിവര്‍പൂളിലേക്ക് ചേക്കേറിയ ശേഷം താരത്തിന്റെ പ്രകടനം അദ്ദേഹത്തെ ലിവര്‍പൂളിലെ ഒന്നാം നമ്പര്‍ താരമാക്കി മാറ്റി. പിന്നാലെ സ്വന്തം രാജ്യത്തിലും അദ്ദേഹം ഏറെ പ്രശംസകള്‍ നേടി. 1990 ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കുന്ന ഈജിപ്ത് ഗ്രൂപ്പ് എയില്‍ റഷ്യ, സൗദി, ഉറുഗ്വായ് ടീമുകളോടാണ് മല്‍സരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ