ലണ്ടന്‍: പരുക്കിനെ തുടര്‍ന്ന് മുഹമ്മദ് സലാഹ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനില്‍ നിന്നും പുറത്ത് പോയപ്പോള്‍ ഫുട്ബോള്‍ ലോകം മുഴുവനുമാണ് വിതുമ്പിയത്. സലാഹിന്റെ വിജയത്തിന് കാത്തിരുന്ന ആരാധകര്‍ക്ക് അത് താങ്ങാനാവുന്നതായിരുന്നില്ല. തന്റെ വേദനയില്‍ പങ്കുചേര്‍ന്ന ആരാധകര്‍ക്ക് നന്ദി അറിയിച്ച് സലാഹ് എത്തിയിരിക്കുകയാണ്.
‘വളരെ കഠിനമായ രാത്രിയായിരുന്നു. പക്ഷെ ഞാനൊരു പോരാളിയാണ്. എല്ലാ പ്രതിസന്ധികളേയും മറി കടന്ന് റഷ്യയിലെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. നിങ്ങളുടെ സ്നേഹവും പിന്തുണയും എനിക്ക് വേണ്ട കരുത്ത് നല്‍കും,’ മുഹമ്മദ് സലാഹ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സലാഹിന്റെ പരുക്ക് ഗുരുതരമല്ലെന്നും ലോകകപ്പിന് മുമ്പ് ഭേദപ്പെടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ആരാധകരുടെ ആശങ്കകളും അകലുകയാണ്.
ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ വിവാദമായ ടാക്കിളിന് പിന്നാലെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന് ആശംസകള്‍ നേര്‍ന്ന് റയല്‍ മാഡ്രിഡ് നായകന് സെര്‍ജിയോ റാമോസ് രംഗത്തെത്തിയിരുന്നു. ലോകകപ്പിന് മുമ്പ് സലാഹിന് പരുക്കില്‍ നിന്നും മുക്തനാകാന്‍ കഴിയട്ടെയെന്നാണ് റാമോസ് പറഞ്ഞത്.
‘ചിലപ്പോള്‍ ഫുട്ബോള്‍ നിങ്ങള്‍ക്ക് അതിന്റെ നല്ല വശവും മറ്റുള്ളവര്‍ക്ക് മോശം വശവും കാണിച്ചു തരും. എല്ലാത്തിനും മുകളില്‍ നമ്മളെല്ലാവരും പ്രൊഫഷണലുകളാണ്. എത്രയും പെട്ടെന്ന് സുഖമാവട്ടെ. ഭാവി നിങ്ങള്‍ക്കായി കാത്തു നില്ക്കുന്നു,” എന്നായിരുന്നു റാമോസിന്റെ വാക്കുകള്‍.
അതേസമയം, റാമോസിന്റെ ടാക്കിളില്‍ പരുക്കേറ്റ് പുറത്തായ മുഹമ്മദ് സലാഹ് ലോകകപ്പില്‍ കളിച്ചേക്കുമെന്ന് ഈജിപ്ത് ദേശീയ ടീം. താരത്തിന്റെ പരുക്കിനെ കുറിച്ച് ലിവര്‍പൂള്‍ അധികൃതരുമായി സംസാരിച്ചെന്നും ദേശീയ ടീമിന്റെ ഔദ്യോഗിക ട്വിറ്റില്‍ പറയുന്നു.
സലാബിന്റെ തോളെല്ലിനാണ് പരുക്ക് പറ്റിയതെന്നും എന്നാല്‍ പരിശോധനയില്‍ താരത്തിന് ലോകകപ്പിന് മുമ്പ് തന്നെ ഭേദമാകാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും ട്വീറ്റില്‍ പറയുന്നു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായില്ലെങ്കിലും ശുഭാപ്തി വിശ്വാസമുണ്ടെന്നാണ് ലിവര്‍പൂളും ഈജിപ്തും പറയുന്നത്.