ലിവര്‍പൂളിന്റെ സുപ്രധാന താരങ്ങളാണ് സെനഗലുകാരന്‍ സാദിയോ മാനെയും ഈജിപ്തുകാരന്‍ മുഹമ്മദ് സലാഹും. രണ്ടു പേരും ടീമിന്റെ കുന്തമുനകളാണ്. അതിനാല്‍ തന്നെ സാലഹും മാനെയും തമ്മില്‍ പിണക്കത്തിലാണെന്ന വാര്‍ത്ത ലിവര്‍പൂള്‍ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. ടീമിന്റെ ഭാവിയെ തന്നെ സംശയത്തിലാക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ലിവര്‍പൂളില്‍ മുഹമ്മദ് സലാഹും സഹതാരം സാദിയോ മാനെയും തര്‍ക്കത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെ എല്ലാ ഊഹങ്ങളെയും തള്ളിക്കൊണ്ട് സലാഹിന്റെ ട്വീറ്റ്. തന്റെയും മാനെയുടെയും മുഖമൊട്ടിച്ചുള്ള രണ്ട് കുട്ടികളുടെ തമാശ വീഡിയോയാണ് സലാഹ് പങ്ക് വെച്ചിരിക്കുന്നത്. ഇതോടെ പിണക്കത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം വ്യാജമാണെന്ന ആശ്വാസത്തിലാണ് ആരാധകര്‍ ഇപ്പോള്‍.


കഴിഞ്ഞ മാസം അവസാനം ബേണ്‍ലിയുമായുള്ള ലിവര്‍പൂളിന്റെ മത്സരത്തിനിടെ മാനേ പരസ്യമായി ദേഷ്യപ്പെട്ടിരുന്നു. അന്ന് കളിക്കിടെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ ഓപ്പണ്‍ ചാന്‍സ് ഉണ്ടായിട്ടും സലാഹ് മാനെയ്ക്ക് പാസ് നല്‍കാതിരുന്നതാണ് എല്ലാ പ്രശ്‌നങ്ങളുടേയും തുടക്കം. സലാഹ് പാസ് തരാന്‍ വിസമ്മതിക്കുകയും സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടതുമാണ് മാനെയെ ചൊടിപ്പിച്ചത്.

വലിയ ഇടവേളയ്ക്ക് ശേഷം ന്യൂകാസിലിനെതിരെ ലിവര്‍പൂള്‍ മത്സരത്തിന് ഇറങ്ങാനിരിക്കെയാണ് സലാഹിന്റെ ട്വീറ്റ് എന്നത് ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്നിരിക്കുകയാണ്. ഇരുവരും കളിക്കളത്തില്‍ പഴയത് പോലെ തന്നെ ഒരുമയോടെ കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read Here: കണ്ണടച്ച് തുറക്കും മുന്നേ എല്ലാവര്‍ക്കും വയസായി; കായിക താരങ്ങളേയും വാര്‍ധക്യത്തിലെത്തിച്ച് ആപ്പ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook