ലണ്ടന്‍ : ലിവര്‍പൂള്‍ സൂപ്പര്‍സ്റ്റാര്‍ മുഹമ്മദ് സലാഹ്യ്ക്ക് ഫുട്ബോളര്‍ ഫുട്ബാള്‍ റൈറ്റേഴ്സ് അസോസിയേഷന്റെ ‘ഫുട്ബോളര്‍ ഓഫ് ദ് ഇയര്‍’ പുരസ്കാരം. അരങ്ങേറ്റ സീസണില്‍ തന്നെ ലിവര്‍പൂളിന് വേണ്ടി നേടിയ 43 ഗോളുകളാണ് സലാഹ്യ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. ടോട്ടന്‍ഹാം ഹോട്സ്പറിന്റെ ഹാരി കേന്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡി ബ്രയ്ന്‍ എന്നിവരെ പുറംതള്ളിയാണ് ഈജിപ്ഷ്യന്‍ താരത്തിന്റെ നേട്ടം. ഇംഗ്ലീഷ് വാര്‍ത്താ മാധ്യമങ്ങളിലേയും ഏജന്‍സികളിലേയും ഫുട്ബാള്‍ എഴുത്തുകാരുടെ സംഘടനയായ ഫുട്ബാള്‍ റൈറ്റേഴ്സ് അസോസിയേഷന്‍ പുരസ്കാരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നാണ് മികച്ച താരങ്ങളെ തിരഞ്ഞെടുക്കുന്നത്.
കഴിഞ്ഞ വേനല്‍കാല ട്രാന്‍സ്ഫറിലാണ് റോമയില്‍ നിന്നും മുപ്പത്തിനാല് മില്യണ്‍ യൂറോ തുകയ്ക്ക് സലാഹ് ലിവര്‍പൂള്‍ കൂടാരത്തിലേക്ക് എത്തുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്ന് ‘പ്ലെയര്‍ ഓഫ് ദ് മന്ത് ‘ പുരസ്കാരം നേടുന്ന ആദ്യ താരമാണ് ഈ ഇരുപത്തിയഞ്ചുകാരന്‍. ലിവര്‍പൂളിന് വേണ്ടി സീസണില്‍ നാല്പതിന് മുകളില്‍ ഗോളുകള്‍ നേടുന്ന മൂന്നാമത്തെ താരം, സീസണില്‍ മുപ്പത് ഗോളുകള്‍ നേടുന്ന ആദ്യ ആഫ്രിക്കന്‍ താരം എന്നിങ്ങനെ ഒട്ടനവധി റെക്കോഡുകളാണ് സലാഹ് സ്വന്തം പേരിലാക്കിയത്.
ഇതിനോടകം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആരാധകരുടെ പ്രിയ താരമായി മാറിയ സലാഹ് ലിവര്‍പൂളിന് വേണ്ടി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലായ് അടിച്ചുകൂട്ടിയത് പത്ത് ഗോളുകളാണ്. നാന്നൂറിന് മുകളില്‍ ഫുട്ബോള്‍ എഴുത്തുകാര്‍ വോട്ട് ചെയ്ത തിരഞ്ഞെടുപ്പില്‍ സലാഹ്യ്ക്ക് തൊട്ടുപിന്നാലെയായ് ഉള്ളത് ഡി ബ്രയ്നും ഹാരി കേനുമാണ്. സെര്‍ജിയോ അഗ്വേരോ, ക്രിസ്ത്യന്‍ എറിക്സണ്‍, റോബര്‍ട്ടോ ഫെര്‍മിനോ, ഡേവിഡ് സില്‍വ എന്നിവരും കടുത്ത മത്സരം കാഴ്ചവെച്ചു.
എഫ്ഡബ്ല്യൂഎയുടെ ലോക ഫുട്ബോളര്‍ ഓഫ് ദ് ഇയര്‍ പുരസ്കാരം നേടുന്ന യൂറോപ്പ് ഇതരനായ രണ്ടാമത്തെ താരമാണ് സലാഹ്. ലിവര്‍പൂള്‍ മുന്‍ സ്ട്രൈക്കര്‍ ലൂയിസ് സുവാരസാണ് ആദ്യത്തേത്.