61-ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവം കാണാന്‍ നടി മിയ എത്തി. സ്വന്തം നാട്ടില്‍ നടക്കുന്ന സ്കൂള്‍ കായികോത്സവത്തിന്റെ ആദ്യദിനത്തിലാണ് മിയ എത്തിയത്. താരജാഡകളൊന്നും ഇല്ലാതെ അയല്‍ക്കാരിയായ ഒരു കാഴ്ചക്കാരി ആയാണ് പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ മിയ എത്തിയത്.

എന്നാല്‍ വൈകി വന്ന മിയയ്ക്ക് മത്സരങ്ങളൊന്നും കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കുട്ടികളോടൊത്ത് വിശേഷങ്ങള്‍ പങ്കുവച്ചും കുട്ടികള്‍ക്കൊപ്പം സെല്‍ഫി എടുത്തും മിയ സ്റ്റേഡിയത്തില്‍ സമയം ചെലവഴിച്ചു. അടുത്ത ദിവസങ്ങളിലും കായികോത്സവത്തിന്റെ ഭാഗമാകുമെന്ന് മിയ വ്യക്തമാക്കി.

ഒമ്പത് സ്വര്‍ണം അടക്കം 63 പോയിന്റുമായി മീറ്റില്‍ എറണാകുളം ജില്ല ഒന്നാമതെത്തിയപ്പോള്‍ 43 പോയിന്റോടെ തൊട്ടുപിന്നില്‍ പാലക്കാടാണ്.

നാലു സ്വര്‍ണമടക്കം ദേശീയ റെക്കോര്‍ഡ് മറികടക്കുന്ന രണ്ടു പ്രകടനങ്ങള്‍ അടക്കം അഞ്ചു റെക്കോര്‍ഡുകള്‍ക്കും ആദ്യ ദിനം സാക്ഷിയായി. ആദ്യദിനം സമാപിക്കുമ്പോള്‍ സ്‌കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസില്‍ 23 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്.

17 പോയിന്റുമായി പറളി സ്‌കൂളാണ് രണ്ടാം സ്ഥാനത്തുള്ളത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളിയുടെ പി.എന്‍.അജിത് ദേശീയ റെക്കോർഡിനേക്കാള്‍ മികച്ച സമയം കണ്ടെത്തി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ അഭിഷേക് മാത്യു മീറ്റ് റെക്കോർഡിട്ടു. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ എറണാകുളത്തിന്റെ കെ.എം.ശ്രീകാന്ത് മീറ്റ് റെക്കോർഡിട്ടു. ജൂനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ മാര്‍ ബേസില്‍ സ്‌കൂളിനു വേണ്ടി മത്സരിച്ച ഗുജറാത്തുകാരന്‍ യാദവ് നരേശ് കൃപാല്‍ പുതിയ ദൂരം കണ്ടെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ