ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി-20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം ഇന്ത്യ 7 വിക്കറ്റ് ശേഷിക്കെ മറികടക്കുകയായിരുന്നു. ഇന്ത്യക്കായി അർധസെഞ്ചുറി നേടിയ മിതാലി രാജാണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 38 റൺസ് എടുത്ത നായിക വാൻനിക്കെർക്കും 31 റൺസ് എടുത്ത മിഗ്നോണുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. വാലറ്റത്ത് 7 പന്തിൽ 32 റൺസ് എടുത്ത ട്രോയോണിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 4/164 എന്ന നിലയിൽ എത്തിച്ചത്. 4 സിക്സറുകളും 2 ഫോറുകളും അടക്കമാണ് ട്രയോൺ 32 റൺസ് നേടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ വനിതകളും വിട്ട് കൊടുത്തില്ല. മിതാലി രാജും സ്മൃതി മന്ദാനയും സ്കോറിങ് വേഗത്തിലാക്കി. നാലാം ഓവറിൽ 28 റൺസ് എടുത്ത മന്ദാനയെ നഷ്ടമായെങ്കിലും മിതാലി കുലുങ്ങിയില്ല. 37 റൺസ് എടുത്ത യുവതാരം ജെമിനാഹ് റോഡ്രിഗസിനെ കൂട്ടുപിടിച്ച് മിതാലി ഇന്ത്യയെ മുന്നോട്ട് നയിച്ചു.

ജെമിനാഹ് പുറത്തായതിന് ശേഷം എത്തിയ വേദ കൃഷ്ണമൂർത്തി ഇന്ത്യയെ അനായാസം വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 22 പന്തിൽ 37 റൺസാണ് വേദ അടിച്ച്കൂട്ടിയത്. 48 പന്തിൽ 54 റൺസ് എടുത്ത മിതാലി രാജ് പുറത്താകാതെയും നിന്നു. ഒടുവിൽ 7 പന്ത് ബാക്കി നിൽക്കെ ഇന്ത്യ വിജയം കരസ്ഥമാക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ