ലണ്ടൻ: വനിത ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ന്യൂസിലാൻഡിനെ തകർത്ത് ഇന്ത്യ സെമിയിൽ കടന്നു. 186 റൺസിനാണ് ഇന്ത്യ കരുത്തരായ ന്യൂസിലാൻഡിനെ തോൽപ്പിച്ചത്.ഇന്ത്യ ഉയർത്തിയ 266 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് 79 റൺസിന് പുറത്താവുകയായിരുന്നു. നിർണ്ണായക മത്സരത്തിൽ ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ മിതാലി രാജാണ് കളിയിലെ താരം. സെമിയിൽ കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.
ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന കിവീസിന് ഒരിക്കൽപ്പോലും ഇന്ത്യയെ വെല്ലുവിളിക്കാനായില്ല. സ്കോർ രണ്ടക്കം കടക്കുന്നതിന് മുൻപ് ന്യുസിലാൻഡിന്റെ ഓപ്പണർമാർ കൂടാരം കയറി. 1 റൺസ് എടുത്ത സൂസി ബേറ്റ്സിനെ ശിഖ പാണ്ഡയും, 5 റൺസ് എടുത്ത റേച്ചൽ പ്രീസ്റ്റിനെ ജൂലൻ ഗോസ്വാമിയും മടക്കി. പിന്നീടങ്ങോട്ട് സ്പിന്നർമാരുടെ ഊഴമായിരുന്നു. 2 വിക്കറ്റ് വീഴ്ത്തി ദീപ്തി ശർമ്മയും , 5 വിക്കറ്റ് വീഴ്ത്തി രാജേശ്വരി ഗെയ്ക്ക്വാദും കിവികളുടെ ചിറകരിഞ്ഞു.
സെമി പ്രവേശനം നിർണ്ണയിക്കുന്ന നിർണ്ണായക മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യൻ ഓപ്പണർമാരെ തുടക്കത്തിൽ തന്ന മടക്കി മികച്ച തുടക്കമാണ് നേടിയത്. സ്മൃതി മന്ദാന (13), പൂനം റാവത്ത് (4) റൺസിനുമാണ് പുറത്തായത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച മിതാലി രാജും ഹർമൻപ്രീത് കൗറും ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റി. ഇരുവരും ചേർന്ന് 132 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 90 പന്തിൽ 60 റൺസ് എടുത്താണ് ഹർമ്മൻപ്രീത് പുറത്തായത്.
പിന്നാലെ എത്തിയ വേദ കൃഷ്ണമൂർത്തി തകർത്തടിച്ചതോടെ ഇന്ത്യ മികച്ച സ്കോറിൽ എത്തി. വേദ 45 പന്തിൽ 70 റൺസാണ് നേടിയത്. 7 ഫോറുകളും 2 സിക്സറുകളും അടങ്ങുന്നതായിരുന്നു വേദയുടെ ഇന്നിങ്ങ്സ് . 119 പന്തിൽ 109 റൺസാണ് മിതാലി എടുത്തത്. 11 ഫോറുകൾ അടങ്ങുന്നതായിരുന്നു മിതാലിയുടെ ഇന്നിങ്ങ്സ്. നിർണ്ണായക മത്സരത്തിൽ നായികയുടെ മികവ് പുറത്തെടുത്ത മിതാലി രാജാണ് ഇന്ത്യയുടെ രക്ഷകായത്.